ഷോപ്പിങ് മാളുകളിലെ തീയ്യേറ്ററുകളും തുറക്കുന്നു; തയ്യാറെടുത്ത് അബുദാബി

അബുദാബി: പ്രവാസ ലോകത്ത് കെവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച സിനിമാ പ്രദർശനങ്ങളും പുനരാരംഭിക്കുന്നു. ഷോപ്പിങ് മാളുകളിലെ സിനിമാ തീയ്യറ്ററുകൾ പ്രത്യേക സുരക്ഷാ മുൻകരുതലുകളോടെ തുറക്കാൻ അബുദാബി ഭരണകൂടം തീരുമാനിച്ചു. ഇത് സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ അബുദാബി മീഡിയാ ഓഫീസ് തിങ്കളാഴ്ച പുറത്തുവിട്ടു. തീയ്യേറ്ററുകളുടെ ആകെ ശേഷിയുടെ 30 ശതമാനം പ്രേക്ഷകരെ മാത്രമേ അനുവദിക്കുയുള്ളൂ. തീയ്യേറ്ററുകളുടെ പ്രവർത്തനം പുനഃരാരംഭിക്കുന്നതിന് മുമ്പ് തന്നെ എല്ലാ ജീവനക്കാരും കൊവിഡ് പരിശോധന നടത്തിയിരിക്കണം.

പ്രേക്ഷകർ തമ്മിലുള്ള സാമൂഹിക അകലത്തിന് പുറമെ മാസ്‌ക് ധരിക്കുന്നതടക്കമുള്ള മറ്റ് മുൻകരുതലുകളും സ്വീകരിക്കണം. ഒരാൾക്ക് അനുവദിക്കുന്ന സീറ്റിന്റെ മുന്നിലും പിന്നിലും വശങ്ങളിലുമുള്ള മറ്റ് സീറ്റുകൾ ഒഴിച്ചിടണം. എന്നാൽ ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് അടുത്തടുത്ത സീറ്റുകളിൽ ഇരിക്കാം.

ഉപയോഗിച്ച സീറ്റുകളെല്ലാം ഓരോ പ്രദർശനത്തിനും ശേഷം അണുവിമുക്തമാക്കണം. അടുത്തടുത്തുള്ള രണ്ട് പ്രദർശനങ്ങൾക്കിടയിൽ 20 മിനിറ്റുകളെങ്കിലും സീറ്റുകൾ ഇതിനായി ഒഴിച്ചിടണം. പ്രവൃത്തി സമയം കഴിഞ്ഞ ശേഷം തീയറ്റർ മുഴുവനായി അണുവിമുക്തമാക്കണം. ടിക്കറ്റുകളോ മറ്റോ ലഘുലേഖകളോ നൽകാൻ പാടില്ല. ടച്ച് സ്‌ക്രീനുകൾ മാറ്റണമെന്നും നിർദേശിച്ചിട്ടുണ്ട്.

Exit mobile version