കൊവിഡ് പ്രതിരോധ വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായി പൊന്നാനി സ്വദേശികളും; നേരിടുന്ന ശാരീരിക പ്രയാസങ്ങളും മറന്ന് പങ്കാളികളാകുന്നത് അഭിമാനത്തോടെയും സന്തോഷത്തോടെയും

റിപ്പോര്‍ട്ട്: ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: അബുദാബി ആരോഗ്യ വകുപ്പിന്റെ കീഴില്‍ നടക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിന്റെ പരീക്ഷണത്തില്‍ പങ്കാളികളായി പൊന്നാനി സ്വദേശികളും. രണ്ടു ഡോസ് കുത്തിവെപ്പുകളും ഒരു നേരിട്ടുള്ള പരിശോധനയും നാല്‍പ്പത്തി ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന തുടര്‍ച്ചയായ നീരീക്ഷണവും പിന്നീട് മൂന്നുമാസം ഇടവിട്ടുള്ള ടെലിഫോണിക് നിരീക്ഷണവും ഉള്‍പ്പെടുന്നതാണ് വാക്‌സിന്‍ പരീക്ഷണ പദ്ധതി.

അനിയന്ത്രിതമായ ഷുഗര്‍, കരള്‍, ആമാശയ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, മറ്റു മാരക രോഗങ്ങള്‍ എന്നിവയൊന്നുമില്ലാത്ത ആര്‍ക്കും സ്വദേശി വിദേശി വ്യത്യാസമില്ലാതെ ഈ പദ്ധതിയില്‍ പങ്കാളികളാവാം. സ്വദേശികള്‍ക്കൊപ്പം ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള ആയിരക്കണക്കിന് പ്രവാസികളില്‍ മാറഞ്ചേരി സ്വദേശി ഫാറൂഖ് കിഴക്കയില്‍, പെരുമ്പടപ്പ് സ്വദേശി മിഷാല്‍ മുഹമ്മദ് തുടങ്ങിയ നിരവധി മലയാളികളും പങ്കാളികളായിട്ടുണ്ട്.

ലോക ജനതയുടെ നിലനില്പിനായുള്ള ഈ പോരാട്ടത്തില്‍ വളരെയധികം സന്തോഷത്തോടെയാണ് പങ്കുചേരുന്നത് എന്നും ഇതുവരെ ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടിട്ടിലെന്നും വിശദമായ പരിശോധനകള്‍ക്ക് ശേഷം ആദ്യ ഡോസ് സ്വീകരിച്ച ഫാറൂഖ് കിഴക്കയില്‍ പ്രതികരിച്ചു. ലോക നന്മക്കായി അവര്‍ പരീക്ഷണാര്‍ഥം രണ്ടു ഡോസുകള്‍ സ്വീകരിക്കുമ്പോള്‍ ലോകത്ത് എവിടെ ചെന്നാലും മനുഷ്യത്വത്തോട് പ്രധിപത്തരായിരിക്കുക എന്ന കേരളീയരുടെ നന്മകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

Exit mobile version