50 ശതമാനം കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവെയ്ക്കണം; ഉത്തരവില്‍ കണ്ണടച്ച് സ്വകാര്യ ആശുപത്രികള്‍, ഇടാക്കുന്നത് അമിത നിരക്കും! ഇനി കര്‍ശന നടപടി

Private hospitals Kerala | Bignewslive

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് പിടിമുറുക്കിയ വേളയില്‍ 50 ശതമാനം കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവെയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവില്‍ കണ്ണടച്ച് സ്വകാര്യ ആശുപത്രികള്‍. അമിത നിരക്ക് ഇടാക്കരുതെന്ന നിര്‍ദേശവും പല ആശുപത്രികളും പാലിക്കപ്പെടുന്നില്ല.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ചെലവില്‍ ചികിത്സ ലഭ്യമാക്കണമെന്നായിരുന്നു ഉത്തരവ്. സ്വകാര്യ ആശുപത്രികള്‍ അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയും ഹൈക്കോടതി ഇടപെടലും വ്യാപകമായതോടെ സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തിയാണ് നിരക്കുകള്‍ക്ക് അന്തിമ രൂപം നല്‍കിയത്.

സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുന്നതില്‍ സ്വകാര്യ ആശുപത്രികള്‍ വിമുഖത കാണിക്കുകയാണ്. കഴിഞ്ഞ ദിവസം കോടതിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തരവ് പാലിക്കാത്ത സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

സ്വകാര്യ ആശുപത്രികള്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവെയ്ക്കണം. ഇതില്‍ 25 ശതമാനത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ആളുകളെ സൗജന്യമായി പ്രവേശിപ്പിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിന് ശേഷവും സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. അമിത നിരക്ക് സംബന്ധിച്ച പരാതികള്‍ ഡിഎംഒ ഉള്‍പ്പെടെയുള്ള വിഭാഗവുമായി പങ്കുവെയ്ക്കാമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Exit mobile version