സന്ദര്‍ശക വിസക്കാര്‍ക്ക് ആശ്വാസനടപടിയുമായി യുഎഇ; വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഒരുമാസം കൂടി രാജ്യത്ത് തുടരാം

ദുബായ്: സന്ദര്‍ശക വിസക്കാര്‍ക്ക് ഒരുമാസം കൂടി നീട്ടി നല്‍കി യുഎഇ. മാര്‍ച്ച് ഒന്നിനു ശേഷം കാലാവധി കഴിഞ്ഞ, ടൂറിസ്റ്റ് വിസക്കാര്‍ക്ക് ആവശ്യമെങ്കില്‍ ആഗസ്റ്റ് 11 മുതല്‍ 30 ദിവസത്തേക്ക് ഗ്രേസ് പിരീഡ് നേടി രാജ്യത്ത് തുടരുവാനാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ) സൗകര്യമൊരുക്കുന്നത്. ഒറ്റ തവണ മാത്രമാണ് ഇത്തരത്തില്‍ ഗ്രേസ് പിരീഡ് നേടാന്‍ അവസരം നല്‍കു എന്നും വ്യക്തമാക്കി.

ഈ കാലയളവില്‍ വിസ പുതുക്കുകയോ താമസ തൊഴില്‍ വിസയിലേക്ക് മാറുകയോ ചെയ്യാത്ത പക്ഷം 30 ദിവസം തികയുന്നതോടെ രാജ്യം വിടേണ്ടി വരും. അല്ലെങ്കില്‍ പിഴ ഈടാക്കും. വിസ, തിരിച്ചറിയല്‍ കാര്‍ഡ് സേവനങ്ങള്‍ അതോറിറ്റി ഇതിനകം പുനരാരംഭിച്ചു കഴിഞ്ഞു. മാര്‍ച്ച് ഒന്നിനു ശേഷം താമസ വിസ കാലാവധി തീര്‍ന്നവര്‍ക്ക് ജൂലൈ 12 മുതല്‍ മൂന്നു മാസത്തിനകം അവ പുതുക്കിയാല്‍ മതിയാവും.

നേരത്തേ, കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ മാര്‍ച്ച് ഒന്നിനു ശേഷം കാലഹരണപ്പെട്ട താമസ വിസകള്‍ക്കും സന്ദര്‍ശക വിസകള്‍ക്കും ഡിസംബര്‍ 31 വരെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയിരുന്നു.

എന്നാല്‍, രാജ്യം വിജയകരമായി കോവിഡ് വെല്ലുവിളിയെ മറികടക്കുകയും ജീവിതവും ഔദ്യോഗിക പ്രവര്‍ത്തനങ്ങളും സാധാരണ ഗതിയിലേക്ക് തിരിച്ചെത്തുകയും ചെയ്തതോടെ ആ നടപടി റദ്ദാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. അതോറിറ്റിയുടെ ica.gov.ae വെബ്‌സൈറ്റിലൂടെ വിസ പുതുക്കുന്നതിനുള്ള സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാവും.

Exit mobile version