കൊറോണ; ചികിത്സയില്‍ കഴിയവെ മലയാള സിനിമ നിര്‍മാതാവിന് യുഎഇയില്‍ ദാരുണാന്ത്യം

അബൂദാബി: കൊറോണ വൈറസ് ബാധിച്ച് മലയാള സിനിമ നിര്‍മാതാവിന് യുഎഇയില്‍ ദാരുണാന്ത്യം. ആലുവ ശങ്കരന്‍കുഴി വീട്ടില്‍ ഹസന്‍ അലിയാണ് (50) റാസല്‍ഖൈമയില്‍ മരിച്ചത്. കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

ബിസിനസ് ആവശ്യത്തിനായി സന്ദര്‍ശക വിസയില്‍ യു.എ.ഇയില്‍ എത്തിയതായിരുന്നു ഹസന്‍ അലി. കൊറോണ ലക്ഷണങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണ പരിശോധനഫലം പോസിറ്റീവായതിനെ തുടര്‍ന്ന് റാസല്‍ഖൈമ സൈഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ചലച്ചിത്രനിര്‍മാതാവും നടനുമാണ്. ‘ദുബൈക്കാരന്‍’ എന്ന സിനിമ നിര്‍മിച്ചു വേഷമിട്ടിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊറോണ പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിക്കും.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോഴും ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതിനോടകം നിരവധി മലയാളികളാണ് കൊറോണ വൈറസ് ബാധിച്ച് പ്രവാസലോകത്ത് മരിച്ചുവീണത്.

Exit mobile version