കമ്പനിയുടെ മൂന്നിലൊന്ന് ബിസിനസ് കുറഞ്ഞു; ലോക്ക് ഡൗണിൽ വീട്ടിലിരിപ്പായിട്ടും ശമ്പളം കൃത്യം; പെൻഷനും ക്വാറന്റൈൻ ചെലവും വെട്ടിച്ചുരുക്കിയില്ല; ഉടമയോട് പ്രവാസിയുടെ നന്ദി കുറിപ്പ്; വൈറൽ

ഷാർജ: ലോകം തന്നെ കൊറോണ വൈറസ് വ്യാപനത്തിൽ ഭയന്ന് വിറങ്ങലിച്ചുനിൽക്കുമ്പോൾ സാമ്പത്തിക രംഗം തകർന്ന് തരിപ്പണമാവുകയാണ്. ഓരോ ബിസിനസിനും പറയാനുള്ളത് നഷ്ടക്കണക്കുകൾ മാത്രം. അസാധാരണമായ ഈ സാഹചര്യത്തിൽ ജോലി ചെയ്താലും ശമ്പളം ലഭിയ്ക്കാത്ത സ്ഥിതിയിലാണ് ഇപ്പോൾ തൊഴിൽമേഖല. ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ ഇരിക്കേണ്ടി വന്നിട്ടും തനിക്കും സഹപ്രവർത്തകർക്കും കൃത്യമായി ശമ്പളം അക്കൗണ്ടിലേക്ക് ഇട്ട തന്റെ കമ്പനിയെ അഭിനന്ദിച്ചുകൊണ്ട് വിശാഖ് വിജയൻ എന്ന പ്രവാസി യുവാവ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ഒരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിലെ ‘ഏരീസ് മറൈൻ’ എന്ന കമ്പനിയിൽ മറൈൻ എഞ്ചിനീയറായി സേവനമനുഷ്ഠിക്കുന്ന വിശാഖിന്റെ കുറിപ്പാണ് സോഷ്യൽലോകം ഏറ്റെടുത്തിരിക്കുന്നത്.

വിശാഖ് വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്:

ക്ഷാമകാലമാണ് ഈ #Covid നാളുകൾ, മറ്റാരെപോലെയും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണെങ്കിലും മറ്റാരേക്കാളും ആശങ്ക നിറഞ്ഞവരാണ് ഞങ്ങൾ പ്രവാസികൾ. ഇനിയെന്ന് നാടുകാണാനാകും എന്നതിന്റെ, തന്റെ പ്രിയപ്പെട്ടവർ ആരോഗ്യത്തോടെ ഇരിക്കുന്നുവോ എന്നതിന്റെ, ജോലി നഷ്ടപ്പെടുമോ എന്നതിന്റെ, ശമ്പളം കിട്ടുമോ എന്നിങ്ങനെ ഒരുകൂട്ടം ആശങ്കകളും പേറിയാണ് നാളുകൾ തള്ളി നീക്കുന്നത്. അതിനിടെയിൽ സ്വന്തം ആരോഗ്യം സംരക്ഷിക്കാൻ പോലും മറന്നുപോകുന്നുണ്ട്. ഇങ്ങനെയുള്ള അവസ്ഥയിൽ നാം ജോലിചെയ്‌യുന്ന കമ്പനി നൽകേണ്ടുന്ന പിന്തുണ വളരെ പ്രധാനപെട്ട ഒരു ഘടകമാണ്. ഗൾഫിലുള്ള പല സുഹൃത്തുക്കളെ വിളിക്കുമ്പോഴും മിക്കവരുടെയും ജോലി ഞാണിന്മേൽ കളിയാണ്, പലർക്കും ജോലി പോകുന്ന സ്ഥിതി, കോർപ്പറേറ്റ് കമ്പനികൾ അടക്കം 20%, 30%, 50%, എന്നിങ്ങനെ ശമ്പളം വെട്ടികുറക്കുന്നു. ഇതെല്ലാം കേട്ട് ആവലാതിപ്പെട്ടിരിക്കുമ്പോഴാണ് കൃത്യം 31/05/2020 തീയതിയിൽ അണാ പൈസ കുറയാതെ ഞങ്ങളുടെ കമ്പനിയായ #ARIES_MARINE ഞങ്ങൾക്ക് ശമ്പളം നൽകുന്നത്. ഈക്കഴിഞ്ഞ മാസങ്ങളിൽ പകുതിയിലേറെ പേരും ദിവസങ്ങളോളം ജോലി ഇല്ലാതെ റൂമിൽ തന്നെ ഇരുന്നിട്ടും കമ്പനി അതിനൊരു മുടക്കവും വരുത്തിയിട്ടില്ല. വർക്ക് സൈറ്റുകളിൽവച്ചു #COVID പോസിറ്റീവ് ആയ ആളുകളുമായി സമ്പർക്കം പുലർത്തിയെന്നു സംശയിക്കുന്നവരെ ഭക്ഷണവും താമസവും ഉൾപ്പടെയുള്ള സൗകര്യങ്ങളുടെ മുഴുവൻ ചിലവും വഹിച്ചുകൊണ്ട് കമ്പനി #Quarantine ചെയ്‌യുന്നു, മറ്റ് കോർപ്പറേറ്റ് കമ്പനികളിലൊന്നും കേട്ടറിവില്ലാത്ത തൊഴിലാളികളുടെ മാതാപിതാക്കൾക്ക് നൽകുന്ന പെൻഷൻ പോലും ഈ സാഹചര്യത്തിൽ മുടക്കിയിട്ടില്ല. വർഷത്തിൽ 365 ദിവസവും ജോലിയുണ്ടാകുമായിരുന്ന കമ്പനിയുടെ ബിസ്സിനെസ്സ് മൂന്നിലൊന്നോ അതിലധികമോ ആയി കുറഞ്ഞിട്ടുണ്ട്. ശമ്പളം വെട്ടിച്ചുരുക്കിയാൽ പോലും നാം ചോദിക്കില്ലായെന്ന ഉറപ്പുണ്ടായിട്ടുപോലും ഈ അടിയന്തരഘട്ടത്തിൽ തൊഴിലാളികളെ ഈ രീതിയിൽ പരിഗണിച്ച കമ്പനിയെയും #CEO_ശ്രീ_സോഹൻ_റോയ് സാറിനും എത്ര പ്രശംസിച്ചാലും മതിയാകില്ല. കേരളത്തിലും ഗൾഫിലുമായി ഞങ്ങളുടെ കമ്പനി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പുറമെ വലിയൊരു നന്മയാണ് അവർ ഞങ്ങൾക്കും എത്തിച്ചത്. ഇനി ഞങ്ങളിലൂടെ ആ നന്മ ഒരുപാട് കൈകളിലേക്ക് എത്തേണ്ടതുണ്ട് എന്നവർക്കറിയാം.. ഈ സാഹചര്യത്തിൽ ഞങ്ങളെ പിന്തുണച്ച #Aries_Marine നോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു….

Exit mobile version