സൗദിയുടെ തൊഴില്‍മേഖല കയ്യടക്കി ഇന്ത്യക്കാര്‍, സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം

കാര്‍ക്കശ്യമുള്ള രാഷ്ട്രമായിട്ടുകൂടി ജീവിതം കെട്ടിപ്പടുക്കാന്‍ സൗദിയെ ആശ്യയിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവുതന്നെയാണ് രേഖപ്പെടുത്തുന്നത്.

റിയാദ്: അറബ് രാഷ്ട്രങ്ങളിലെ തൊഴില്‍ മേഖലകളില്‍ സ്വദേശികളേക്കാളേറെ വിദേശികള്‍ തന്നെയാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രധാനവരുമാനവും ഈ തൊഴില്‍ മേഖലയില്‍ നിന്നുതന്നെ. ജീവിതം കരുപ്പിടിപ്പിക്കാന്‍ വിദേശങ്ങളിലേക്ക് പറക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിവരികയാണ്.

അറബ് രാഷ്ട്രങ്ങളിലെ ഒരു പ്രധാന തൊഴിലിടമാണ് സൗദി അറേബ്യ. മറ്റ് അറബ് രാഷ്ട്രങ്ങളെക്കാള്‍ നിയമങ്ങളില്‍ കാര്‍ക്കശ്യമുള്ള രാഷ്ട്രമായിട്ടുകൂടി ജീവിതം കെട്ടിപ്പടുക്കാന്‍ സൗദിയെ ആശ്യയിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവുതന്നെയാണ് രേഖപ്പെടുത്തുന്നത്.

സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെന്ന പുതിയ കണക്കുകളാണ് സൗദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം പുറത്തുവിടുന്നത്. രാജ്യത്തെ തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ സ്ഥാനം മൂന്നാമത് മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

സാമൂഹ്യ വികസന മന്ത്രാലയം പ്രസിദ്ധീകരിച്ച ഔദ്യോഗിക പട്ടികയിലാണ് ഇത് സംബന്ധിച്ച പഠനമുളളത്. സൗദിയില്‍ ജോലി ചെയ്യുന്ന ആകെ തൊഴിലാളികളില്‍ 19.8 ശതമാനമാണ് ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊട്ടുപിന്നില്‍ പാകിസ്ഥാന്‍ തൊഴിലാളികളാണ്. 17.4 ശതമാനം പാകിസ്ഥാനികളാണ് സൗദിയില്‍ ജോലിചെയ്യുന്നത്. തൊഴില്‍ വിപണിയില്‍ മൂന്നാം സ്ഥാനത്തുളള സ്വദേശികള്‍ 16.7 ശതമാനം. 9.9 ശതമാനമുള്ള ഈജിപ്ത് നാലാംസ്ഥാനത്തും 9.5 ശതമാനം തൊഴിലാളികളുള്ള ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്തുമാണ്.

അതേസമയം സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാന്‍ ഊര്‍ജ്ജിത ശ്രമമാണ് തൊഴില്‍ മന്ത്രാലയം നടത്തുന്നത്. നിലവില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമാണ്. 2030 ഓടെ ഇത് ഏഴു ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം.

Exit mobile version