‘പരിചിതരുടെ മരണത്തേക്കാള്‍ കൂടുതല്‍ വേദന, ആ അപരിചിതന്റേതിന്’: അഷ്‌റഫ് താമരശ്ശേരി

‘ഇന്ന് അഞ്ച് മൃതദേഹങ്ങളാണ് നാട്ടില്‍ അയച്ചത്, ചില ദിവസങ്ങളില്‍ എനിക്ക് വ്യക്തിപരമായി അറിയാവുന്നതും അല്ലാത്തതുമായ ഒരുപാട് പേരുടെ മയ്യത്തുകള്‍ ഉണ്ടാകാറുണ്ട്, ഇന്ന് അയച്ച അഞ്ച് പേരുടെ മൃതദേഹത്തില്‍ ഒന്ന് അറിയാതെ എന്റെ കണ്ണ് നിറച്ച ഒരു അപരിചിതന്റേതായിരുന്നു.

ഈ കാര്യം ഇവിടെ പറയുന്നതിന് മുന്‍പ്,ഒരു പഴയ അനുഭവം ഇവിടെ പങ്ക് വെക്കാം. വര്‍ഷങ്ങള്‍ക്ക് മുന്പ് അജ്മാന്‍ മാര്‍ക്കറ്റില്‍ ഞാനും കുടുംബം മീന്‍ വാങ്ങാനായി ചെന്നപ്പോള്‍ തൃശൂര്‍ സ്വദേശിയായ ഒരാള്‍ എന്റെയടുത്ത് ഓടി വന്ന് കുശലാന്വേഷണം നടത്തുകയും, ഞാന്‍ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് ഒരുപാട് വാചാലനാവുകയും ചെയ്തു. സലാം പറഞ്ഞ് മടങ്ങാന്‍ നേരം, എന്റെ mobile നമ്പര്‍ ചോദിച്ച് വാങ്ങുകയും,ആര്‍ക്കാണ്, എപ്പോഴാണ് അഷറഫ് ഭായിയുടെ സഹായം ആവശ്യമായി വരുന്നതെന്ന് പറയാന്‍ കഴിയില്ല. ആവശ്യക്കാര്‍ ചോദിക്കുമ്പോള്‍ കൊടുക്കാമല്ലോ എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ മൊബെലില്‍ എന്റെ നമ്പര്‍ Save ചെയ്യുകയും ചെയ്തു.

മാര്‍ക്കറ്റുകളിലും മറ്റും പുറത്ത് പോകുമ്പോള്‍ പരിചയക്കാരും അല്ലാത്തവരുമായി ഒരുപാട് പേര്‍ വരുകയും സംസാരിക്കാറും ചെയ്യാറുണ്ട്,കൂടുതലും സാധാരണക്കാരായിരിക്കും,പരസ്പരം സഹായിക്കാന്‍ വേണ്ടി മൊബെല്‍ നമ്പര്‍ വാങ്ങാറുണ്ട്, അത്രക്ക് മാത്രമെ കരുതിയുളളു. ആ ത്യശൂര്‍ക്കാരന്‍ മൊബെല്‍ നമ്പര്‍ ചോദിച്ചപ്പോഴും. പിറ്റേന്ന് രാവിലെ എനിക്ക് ഒരു call വന്നത് ഒരാളുടെ മരണവാര്‍ത്ത അറിയിച്ചോണ്ടായിരുന്നു. ഞാന്‍ അവിടെ ചെന്ന് നോക്കിയപ്പോള്‍ മരിച്ച് കിടക്കുന്ന ആളിന്റെ മുഖം ഞാന്‍ ഇന്നലെ കണ്ട ത്യശൂര്‍ സദേശിയുടെതായിരുന്നു.

പടച്ചോനെ എന്താണ് ഇങ്ങനെത്തെ ഒരു വിധി എന്ന് അറിയാതെ മനസ്സില്‍ പറഞ്ഞുപോയ നിമിഷം. വളരെ നാളുകള്‍ക്ക് മുന്പുളള ഈ അനുഭവം നിങ്ങളില്‍ share ചെയ്യുമ്പോള്‍ സമാനമായ ഒരു സംഭവം കഴിഞ്ഞ ആഴ്ച സംഭവിച്ചു. ചെന്നെ സ്വദേശി മണികണ്ഠന്റെ ഫോണ്‍ കാള്‍ ആയിരുന്നു. നാട്ടില്‍ പോകുവാന്‍ എന്തെങ്കിലും തരത്തിലുളള സാഹചര്യമുണ്ടോന്ന് അന്വേഷിച്ചോണ്ടായിരുന്നു അയാള്‍ വിളിച്ചത്. ഒരുപാട് മാനസിക വിഷമത്തിലായിരുന്നു അയാളെന്ന് എനിക്ക് മനസ്സിലായി, കുറച്ച് കൂടി ക്ഷമിക്കു, എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ഞാന്‍ സമാധാനിപ്പിച്ചു. ആ ദിവസം തന്നെ രണ്ട് മൂന്ന് പ്രാവശൃം എന്നെ വീണ്ടും വിളിച്ചു. സമാധാധിപ്പിച്ചിട്ട് ഫോണ്‍ വെയ്ക്കുകയും ചെയ്തു.

പിറ്റേ ദിവസം ഞാന്‍ അറിയുന്നത്, മണികണ്ഠന്‍ ആത്മഹത്യ ചെയ്തുവെന്നാണ്. കുറച്ച് നിമിഷം എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത ഒരു അവസ്ഥയിലായിപ്പോയി ഞാന്‍. ചിലപ്പോള്‍ അങ്ങനെയാണ് അപരിചിതരായ ചിലരുടെ മരണം, പരിചിതരുടെ മരണത്തേക്കാള്‍ വേദന കൂടുതല്‍ നല്‍കും. മണികണ്ഠനെ എംബാമിംഗ് ചെയ്ത പെട്ടിയിലാക്കി കാര്‍ഗോ വിമാനത്തില്‍ അയക്കുന്നത് വരെ എന്റെ മനസ്സിനെ ബാധിച്ച മരവിപ്പ് മാറിയിട്ടില്ലായിരുന്നു’.

Exit mobile version