കൊറോണ ബാധിച്ച് ഒമാനില്‍ മലയാളി ഡോക്ടര്‍ മരിച്ചു

മസ്‌കത്ത്: പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളുമെല്ലാം ശക്തമാക്കി പോരാടുമ്പോഴും കൊറോണയെ പിടിച്ചുകെട്ടാന്‍ കഴിയാത്ത കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ പിടിമുറുക്കിയിരിക്കുകയാണ്. നിരവധി മലയാളികളാണ് കൊറോണ ബാധിച്ച് പ്രവാസലോകത്ത് മരിച്ചത്. ഒമാനില്‍ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു.

കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടര്‍ രാജേന്ദ്രന്‍ നായരാ(76)ണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4.50ഓടെയായിരുന്നു മരണം. ഒമാനില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്ന രാജേന്ദ്രന്‍ കൊറോണ ബാധിച്ച് ആശുപത്രിയിലെ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

മസ്‌കത്ത് റോയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ വെള്ളിയാഴ്ച വൈകിട്ട് 4.50ഓടെ മരണം സംഭവിക്കുകയായിരുന്നു. 40 വര്‍ഷത്തിലേറെയായി ഒമാനില്‍ ജോലി ചെയ്യുകയായിരുന്ന രാജേന്ദ്രന്‍ റൂവി നഗരത്തിലെ ഹാനി ക്ലിനിക്കിന്റെ ഉടമ കൂടിയാണ്.

കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള ഒമാനിലെ ആറാമത്തെ മരണമാണ് രാജേന്ദ്രന്‍ നായരുടേത്. മറ്റ് വിദേശരാജ്യങ്ങളിലും കൊറോണ ബാധിച്ച് നിരവധി മലയാളികളാണ് മരിച്ചത്. ലോകത്താകമാനം കൊറോണ ബാധിതരുടെ എണ്ണവും മരണവും കുതിച്ചുയരുകയാണ്.

Exit mobile version