ഒമാനില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

മസ്‌കറ്റ്: ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ മഴയാകും പെയ്യുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദോഫാര്‍, തെക്കന്‍ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളില്‍ ദൂരക്കാഴ്ചക്കു തടസ്സം ഉണ്ടാകുവാനും സാധ്യതയുള്ളതായി അറിയിപ്പില്‍ പറയുന്നു.

ഇന്നലെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. അല്‍ റഹ്മ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായിട്ടാണ് രാജ്യത്ത് മഴ കനത്തത്. കഴിഞ്ഞ ദിവസം പെയ്തു തുടങ്ങിയ കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജബല്‍ അല്‍ അഖ്ദര്‍ റോഡിലെ ഗതാഗതം തടസ്സപ്പെട്ടിരുന്നു.

കനത്ത മഴ പെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മത്സ്യബന്ധന തൊഴിലാളികളോട് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുവാനും വാഹനങ്ങള്‍ വാദികള്‍ മുറിച്ചു കടക്കുന്നത് സുരക്ഷാ നിര്‍ദ്ദേശം അനുസരിച്ച് ആയിരിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

Exit mobile version