സൗദിയില്‍ പടര്‍ന്ന് പിടിച്ച് കൊറോണ; ഞായറാഴ്ച മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത് 15 പേര്‍ക്ക്! രണ്ട് പേര്‍ സുഖം പ്രാപിച്ചു

സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 118 ആയി ഉയര്‍ന്നിരിക്കുകയാണ്.

റിയാദ്: സൗദി അറേബ്യയില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. ഞായറാഴ്ച മാത്രം 15 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. രാത്രിയിലാണ് ആരോഗ്യ മന്ത്രാലയം ഈ വിവരം പുറത്തുവിട്ടത്. 12 സൗദി പൗരന്മാര്‍ക്കും ഓരോ ഫിലിപ്പീന്‍, ഇന്തോനേഷ്യ, സ്‌പെയിന്‍ പൗരന്മാര്‍ക്കുമാണ് പുതിയതായി രോഗബാധ കണ്ടെത്തിയിരിക്കുന്നത്.

ഇതോടെ സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 118 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇതില്‍ രണ്ടുപേര്‍ സുഖം പ്രാപിച്ചുവെന്നും റിപ്പോര്‍ട്ടണ്ട്. ആദ്യം രോഗമുക്തി നേടിയ സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫ് സ്വദേശി ഹുസൈന്‍ അല്‍സറാഫിയുടെ നാട്ടുകാരനാണ് രണ്ടാമത് ആശുപത്രി വിട്ടിറങ്ങിയ ഹസന്‍ അബു സൈദ് (31). ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ 14 ദിവസമായി ഐസൊലേറ്റ് ചെയ്യപ്പെട്ടിരിക്കുകയായിരുന്നു ഇയാളും. പൂര്‍ണ്ണ ആരോഗ്യവാനായി ശനിയാഴ്ച രാത്രി ഇയാള്‍ ആശുപത്രി വിട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Exit mobile version