കൊവിഡ് 19; കുട്ടികളിലെ മൊബൈല്‍ ഉപയോഗം സൃഷ്ടിക്കുന്ന അപകടങ്ങള്‍

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

അടുക്കളയിലെ തിരക്കിട്ട ജോലിക്കിടയില്‍ രണ്ടു വയസ്സുള്ള കുട്ടിയെ ഒതുക്കിയിരുത്താന്‍ റസിയക്ക് മുന്നിലുള്ള ഒരെയൊരു പോം വഴി മൊബൈല്‍ ഫോണ്‍ കൊടുക്കലാണ്.അതില്‍ വല്ല ഗെയിമോ പാട്ടുകളോ കാര്‍ട്ടൂണുകളോ വെച്ച് കൊടുത്താല്‍ ഒരു ‘ശല്യവുമില്ലാതെ അതില്‍ മുഴുകിയിരിക്കും. റസിയക്ക് അടുക്കളജോലി ആശ്വാസത്തോടെ പൂര്‍ത്തിയാക്കുകയും ചെയ്യാം. നാലില്‍ പഠിക്കുന്ന മൂത്ത കുട്ടി കൊറോണമൂലമുണ്ടായ അപ്രതീക്ഷിക അവധിക്കാലത്ത് ഭക്ഷണം കഴിക്കണമെങ്കില്‍ മൊബൈലില്‍ എന്തെങ്കിലും കാണണമെന്ന് വാശിയാണ്. പലപ്പോഴും ഈ കാഴ്ചയില്‍ മുഴുകി കുളിയില്ല,കളിയില്ല. പിന്നെ വഴക്കായി.. അടിയായി.

രണ്ടാള്‍ക്കും വാശി കൂതലാണെന്നാണ് റസിയയുടെ പരാതി. കൊച്ചു ടി വി വെച്ചില്ലെങ്കില്‍ ഭക്ഷണം തന്നെ കഴിക്കുന്നില്ലെന്നാണ് കുട്ടികളുടെഭീഷണി. മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് ഒരു ദുരന്തമായി മാറുന്നുണ്ടെന്ന് ഇതുപോലെ അറിയാതെ പോകുന്ന ഒത്തിരി റസിയമാര്‍ നമുക്കിടയിലുണ്ട്. യഥാര്‍ത്ഥത്തില്‍ കുട്ടികളിലെ മൊബൈല്‍ ഉപയോഗം ദോഷമാണോ ?

ഇപ്പോള്‍ എന്തിനും ഏതിനും കുട്ടികള്‍ക്ക് മൊബൈല്‍ഫോണും ടാബ്ലറ്റുമൊക്കെ ആവശ്യമാണ്. ഭക്ഷണം കഴിക്കുമ്പോളും പഠിക്കുമ്പോഴും കളിക്കുമ്പോളും എന്തിനേറെ ഉറങ്ങാന്‍ കിടക്കുമ്പോഴും മൊബൈല്‍ കൈയ്യിലില്ലാതെ പറ്റില്ലെന്നായിട്ടുണ്ട് പല കുട്ടികള്‍ക്കും. കുട്ടികളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം വളരെയേറെ ദോഷകരമാണെന്ന് മിക്ക മാതാപിതാക്കള്‍ക്കും അറിയാം. എങ്കിലും എങ്ങനെയെങ്കിലും അല്പ സമയം അടങ്ങിയിരിക്കട്ടെ എന്ന മനോഭാവമാണ് മിക്കവര്‍ക്കും. ആ അല്‍പ്പ സമയത്തെപ്പോലും മൊബൈല്‍ ഉപയോഗം കുട്ടികളെ എത്രമാത്രം ബാധിക്കുന്നുവെന്നാണ്ഡോക്ടര്‍മാര്‍ പറയുന്നത്.

മൊബൈല്‍ഫോണിന്റെ ഉപയോഗം കുട്ടികളില്‍ ഇത്ര തീവ്രമായ പ്രശ്‌നങ്ങളുണ്ടാക്കും. ഇവയുടെ അമിത ഉപയോഗം മൂലം കുട്ടികളില്‍ എഡിഎച്ച്ഡി, ഹൈപ്പര്‍ ആക്റ്റിവിറ്റി തുടങ്ങി ബ്‌ളഡ് കാന്‍സര്‍ വരെ ഉണ്ടാകാന്‍ കാരണമാകുന്നുവെന്നാണ്ഡോക്ടര്‍ പറയുന്നത്. മുതിര്‍ന്നവരെക്കാള്‍ കുട്ടികളെ ഇത് സാരമായിത്തന്നെ ബാധിക്കുന്നു. കുട്ടികളുടെ ത്വക്കു മുതല്‍ ഓരോ അവയവങ്ങളും വളര്‍ച്ചയെത്താത്തതാണ്. അതുകൊണ്ടുതന്നെ വളര്‍ച്ചയുടെ ഘട്ടത്തില്‍ ഇവയുടെ റേഡിയേഷന്‍ ഓരോ അവയവത്തേയും ബാധിക്കുന്നുവെന്നും ഡോക്ടര്‍ ജസീല്‍ പറയുന്നു. ഇവയില്‍ നിന്നു വരുന്ന ഇലക്ട്രോ മാഗ്‌നറ്റിക്ക് റേഡിയേഷന്‍ മുതിര്‍ന്നവരേക്കള്‍ രണ്ട് ഇരട്ടിയിലധികം വേഗത്തില്‍ കുട്ടികളെ ദോഷകരമായി ബാധിക്കുന്നുണ്ട്.

കുട്ടികളുടെ തലച്ചോറിന്റെ കട്ടിക്കുറവും തലച്ചോറിലെ വെള്ളത്തിന്റെ അളവ് കൂടുതലാണെന്നതും കുട്ടികളില്‍ ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുന്നു. ഹൈപ്പര്‍ ആക്റ്റിവിറ്റി പ്രശ്‌നങ്ങള്‍ കുട്ടികളില്‍ കൂടിവരുന്നതിന് പിന്നിലും മൊബൈല്‍ഫോണിന്റെ ഉപയോഗത്തിന് കുറവല്ലാത്ത പങ്കുണ്ട്.
കുട്ടികള്‍ മൊബൈല്‍ ഫോണും ടാബ്ലെറ്റും ഉയോഗിക്കുന്നത് നിയന്ത്രിക്കണമെന്നൊക്കെ പറയാറുണ്ടെങ്കിലും എത് എത്രത്തോളം പ്രായോഗികമാണെന്നതില്‍ ആര്‍ക്കും നിശ്ചയമില്ല. കുട്ടികളെ പൂര്‍ണമായും ഉപകരണങ്ങളില്‍ നിന്നകറ്റുന്നതിനു പകരം ഉപയോഗം നിയന്ത്രിക്കുകയോ നിരീക്ഷിക്കുകയോ ചെയ്തുകൊണ്ട് അവരുടെ സുരക്ഷ ഉറപ്പാക്കുന്ന ശൈലിക്കാണ് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത്.

രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. മൊബൈല്‍ വേണമെന്ന് വാശി പിടിക്കുന്ന കുട്ടികളുണ്ട്. തങ്ങളുടെ മക്കള്‍ക്ക് മൊബൈലിന്റെ ആവശ്യമുണ്ടോയെന്ന് തിരിച്ചറിഞ്ഞതിന് ശേഷം മാത്രം മക്കള്‍ക്ക് മൊബൈല്‍ വാങ്ങി നല്‍കുക.
2. മക്കളുടെ ഉറ്റസുഹൃത്തുക്കളെയും അവരുടെ കുടുംബാംഗങ്ങളെയും അടുത്തറിയുക. ചീത്ത കൂട്ടുകെട്ടിലേക്ക് നയിക്കുന്ന ഘടകങ്ങളെ തിരിച്ചറിയുക.
3 മാതാപിതാക്കള്‍ മക്കളുടെ അടുത്ത സുഹൃത്തുക്കളാവുക. അച്ഛനമ്മമാര്‍ക്ക് മാത്രമേ തന്റെ മക്കളെ തിരിച്ചറിയാനാവൂ. തെറ്റ് ചെയ്താല്‍ അത് തെറ്റാണെന്ന ബോധ്യം മക്കളിലുണ്ടാക്കുക.
4. മൊബൈലിന്റെ ഉപയോഗം പാടെ നിര്‍ത്തരുത്. ഒരു സമയപരിധി നിശ്ചയിക്കുക. അതിനപ്പുറത്തേക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുത്.
5. കുട്ടികള്‍ കളിക്കുന്ന ഗെയിമുകള്‍ ഏതെന്നും അതിന്റെ ഉപയോഗമെന്തെന്നും തിരിച്ചറിയുക. കുഞ്ഞിന് യോജിച്ച ഗെയിമല്ലെങ്കില്‍ അതിന്റെ ദൂഷ്യവശങ്ങള്‍ അവന് മനസിലാവും വിധത്തില്‍ പറഞ്ഞുകൊടുക്കുക.
6. ഇന്റര്‍നെറ്റിലൂടെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന കാലമാണിത്. അതിനാല്‍ മക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം ശ്രദ്ധിക്കുക. കുഞ്ഞിന്റെ ഓണ്‍ലൈന്‍ കാഴ്ച്ചകള്‍ ശ്രദ്ധിക്കുക.

ഇവ കാര്യകാരണ സഹിതം കുട്ടികളെ കാര്യം പറഞ്ഞു മനസിലാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. നിന്റെ നന്‍മയ്ക്കായി മൊബൈല്‍ ഫോണ്‍ മാറ്റി വയ്ക്കാന്‍ ഓരോകുട്ടിയോടും പറയാം. പതിവായി കാര്‍ട്ടൂണ്‍ കാണുന്ന കുട്ടികള്‍ക്ക് ശ്രദ്ധക്കുറവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൊബൈല്‍ ഫോണുകള്‍ക്കൊപ്പം ജീവിക്കുന്ന കുട്ടികള്‍ക്കുണ്ടാകുന്ന ശാരീരികപ്രശ്‌നങ്ങളും കുറവല്ല. ഇവയുടെ അമിതോപയോഗം ശരീരത്തിന്റെ സ്വാഭാവികനിലയെ തകരാറിലാക്കും. പല കുട്ടികളും പകല്‍ ഫോണ്‍ ഉപയോഗിക്കുന്നവരും കുറവല്ല. രാത്രിയിലെമൊബൈല്‍ ഉപയോഗം കാഴചവൈകല്യത്തിനിടയാക്കും. മാതാപിതാക്കളാണ് ഇക്കാര്യത്തില്‍ പരിധി നിശ്ചയിക്കേണ്ടത്.

Exit mobile version