27 മണിക്കൂര്‍ കൊണ്ട് 118 കിലോമീറ്റര്‍ ദൂരം നഗ്നപാദനായി നടന്നു; യുഎഇയില്‍ ജനശ്രദ്ധ നേടി മലയാളി യുവാവ്

അബുദാബി: കുറഞ്ഞ സമയം കൊണ്ട് പ്രമുഖ നഗരമായ അബുദാബിയില്‍ നിന്ന് ദുബായിലേക്ക് നഗ്നപാദനായി ഓടി മലയാളി യുവാവ്. മാരത്തോണ്‍ ഓട്ടക്കാരനായ മലയാളി ആകാശ് നമ്പ്യാരാണ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മാരത്തോണ്‍ ഓട്ടം സംഘടിപ്പിച്ചത്. ശ്രീലങ്കയില്‍ കൊളംബോയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുളള പുനവതുനയിലേക്ക് ഓടിയെത്തി ആകാശ് നമ്പ്യാര്‍ നേരത്തെയും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഗള്‍ഫില്‍ നഗ്‌നപാദനായി 27 മണിക്കൂറു കൊണ്ട് 118 കിലോമീറ്റര്‍ ദൂരമാണ് ആകാശ് ഓടിയത്. യുവാക്കള്‍ക്ക് ആരോഗ്യപരിപാലനത്തിന്റെ സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ആകാശ് നമ്പ്യാര്‍ ജനുവരി 25നാണ് ഇ 11 ഹൈവേയിലൂടെ ഓടാന്‍ തുടങ്ങിയത്. റിപ്പബ്ലിക് ദിനത്തില്‍ ദുബായിലെ ഇബനു ബത്തൂത്ത മാളിലാണ് മാരത്തോണ്‍ അവസാനിച്ചത്.

ആരോഗ്യപരിപാലനത്തിന് മുന്തിയ പരിഗണന നല്‍കുന്ന രാജ്യമായ യുഎഇയില്‍ അടുത്ത കാലത്തായി പ്രമേഹം പോലുളള ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. അമിത ഭാരവും പുകവലിയും വര്‍ധിച്ചിട്ടുണ്ട്. 35 വയസ്സില്‍ താഴെയുളള യുവാക്കള്‍ ശാരീരികമായ ഒരു അധ്വാനവും ചെയ്യുന്നില്ലെന്നും ഒരു കൂട്ടുകാരന്റെ പ്രേരണയെ തുടര്‍ന്നാണ് ഓട്ടത്തിലൂടെ ആരോഗ്യപരിപാലനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചതെന്നും ആകാശ് നമ്പ്യാര്‍ പറയുന്നു.

Exit mobile version