യുഎഇയില്‍ കൊറോണ വൈറസ്; മുന്‍കരുതല്‍, ജാഗ്രതാ നിര്‍ദ്ദേശം!

യുഎഇയില്‍ പനി സീസണ്‍ കൂടി ആയതിനാല്‍ ജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

ദുബായ്: കൊറോണ വൈറസ് സ്ഥിരീകരിച്ച യുഎഇയില്‍ ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്. യുഎഇയില്‍ പനി സീസണ്‍ കൂടി ആയതിനാല്‍ ജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ യുഎഇ ഹെല്‍ത്ത് അതോറിറ്റി ഇതിനോടകം നല്‍കിയിട്ടുണ്ട്.

പനിയോ വൈറസ് ബാധയുടെ ലക്ഷണങ്ങളോ ഉള്ള ആളുകള്‍ ചികിത്സ തേടുമ്പോള്‍ പ്രത്യേക പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളതായി മന്‍ഖൂല്‍ ആസ്റ്റര്‍ ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ജ്യോതി ഉപാധ്യായ് പറഞ്ഞു.

അത്യാഹിത സാഹചര്യങ്ങള്‍ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് എല്ലാ ജീവനക്കാര്‍ക്കും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് അല്‍ സഫയിലെ മെഡ്‌കെയര്‍ ആശുപത്രി ജനറല്‍ പ്രാക്ടീഷണര്‍ ഡോ. സൈമ ഖാന്‍ പറഞ്ഞു.

ചൈനയില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ തന്നെ ആവശ്യമായ വിവരങ്ങള്‍ ആശുപത്രി ജീവനക്കാര്‍ക്ക് നല്‍കുകയും അവലോകന യോഗങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. വൈറസ് രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടുന്നവരെ പരിചരിക്കാനുള്ള പരിശീലനവും തങ്ങള്‍ക്ക് ലഭിച്ചതായി ഡോക്ടര്‍ പറഞ്ഞു.

പനിയുള്ളവരുമായി അകലം പാലിക്കണമെന്ന് യുഎഇയിലെ റൈറ്റ് ഹെല്‍ത്ത് മാനേജിങ് ഡയറക്ടര്‍ ഡോ. സഞ്ജയ് പറഞ്ഞു. ആരോഗ്യത്തെ അവഗണിക്കരുത്. പനിയോ പനിയുടെ ലക്ഷണങ്ങളോ കണ്ടാല്‍ ചികിത്സ തേടണം. പനി ബാധിച്ചവര്‍ പുറത്തിറങ്ങാതെ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

പനിയോ അസുഖങ്ങളോ ഉള്ളവര്‍ അത് മറ്റുള്ളവരിലേക്ക് കൂടി പകരാതെ ശ്രദ്ധിക്കണം. ആശുപത്രിയില്‍ പോയി ഡോക്ടര്‍മാരെ കാണണം. നിര്‍ദേശിക്കപ്പെടുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കണം. പനിയുള്ളവര്‍ ആളുകള്‍ തടിച്ചുകൂടുന്ന സ്ഥലങ്ങളില്‍ നിന്ന് വിട്ടിനില്‍ക്കണം. കൈകളുടെ ശുചിത്വം വളരെ പ്രധാനമാണ്. സോപ്പ് ഉപയോഗിച്ച് ശരിയായി കൈകഴുകുന്നത് ശീലമാക്കണം. പൊതുസ്ഥലങ്ങളിലാണെങ്കില്‍ സാനിട്ടൈസറുകള്‍ ഉപയോഗിക്കാം.

അതേസമയം, ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള സര്‍വസന്നാഹങ്ങളും രാജ്യത്ത് സജ്ജമാണെന്നാണ് ദുബായിലെ ഡോക്ടര്‍മാരെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ വൈറസ് ബാധിക്കുന്നവരെ പരിചരിക്കാനുള്ള സംവിധാനങ്ങള്‍ ദുബായ് ഹെല്‍ത്ത് അതോരിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രികളില്‍ സജ്ജമാക്കുകയും ഡോക്ടര്‍മാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

ബുധനാഴ്ച രാവിലെയാണ് യുഎഇയില്‍ കൊറോണ വൈറസ് ബാധ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനില്‍ നിന്ന് യുഎഇയിലെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

രോഗം ബാധിച്ചവരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യുഎഇ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പറയുന്നു.

Exit mobile version