യുഎഇയില്‍ ഇനി വേനല്‍ക്കാലത്തും മഴ ലഭിക്കും; പരീക്ഷണം അന്തിമഘട്ടത്തില്‍

ദുബായ്: വേനല്‍ക്കാലത്തും മഴ പെയ്യിക്കാനുള്ള കൃത്രിമ സംവിധാനങ്ങള്‍ ഒരുക്കി യുഎഇ. കൂടുതല്‍ രാസ സംയുക്തങ്ങള്‍ മഴമേഘങ്ങളില്‍ വിതറി കൂടുതല്‍ മഴ ലഭിക്കാനും, മേഘങ്ങളെ മഴമേഘങ്ങളാക്കി മഴ പെയ്യിക്കാനുമുള്ള ഗവേഷണങ്ങള്‍ ഇപ്പോള്‍ അന്തിമഘട്ടത്തില്‍ എത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം ക്ലോറൈഡ്, മഗ്‌നീഷ്യം, മറ്റ് രാസപദാര്‍ത്ഥങ്ങള്‍ എന്നിവയുടെ പ്രത്യേക അനുപാതത്തിലുള്ള മിശ്രിതം മഴമേഘങ്ങളില്‍ വിതറി മഴപെയ്യിക്കാനുള്ള പരീക്ഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഗവേഷണം പൂര്‍ത്തിയാകുന്നതോടെ വേനല്‍ക്കാലത്തും യുഎഇയില്‍ നല്ല മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് യുഎഇയില്‍ മഴക്കാലം.

ശാസ്ത്രസംഘം ഇതിനിടെ മഴമേഘങ്ങളെക്കുറിച്ച് പഠിക്കാനായി 12 വ്യോമദൗത്യം നടത്തിക്കഴിഞ്ഞു. വിമാനത്തിലെ സംഭരണിയില്‍ ഉന്നതമര്‍ദ്ദത്തില്‍ സൂക്ഷിക്കുന്ന രാസ മിശ്രിതങ്ങള്‍ മേഘങ്ങളില്‍ വിതറിയാല്‍ ഇത് പാഴാകാനുള്ള സാധ്യത കുറയുമെന്നും കണ്ടെത്തിയിട്ടുണ്ട്. നിലവിലുള്ള ക്ലൗഡ് സീഡിങ് രീതി പരിഷ്‌കരിക്കാനും പദ്ധതിയുണ്ട്.

Exit mobile version