കൊറോണ വൈറസ്; ഭീതി വേണ്ടെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം

യുഎഇയില്‍ ഭീതി വേണ്ടെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അബുദാബി: ചൈന ഉള്‍പ്പെടെയുള്ള എട്ട് രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളും ഭീതിയില്‍. എന്നാല്‍ യുഎഇയില്‍ ഭീതി വേണ്ടെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അത്യാവശ്യ ഘട്ടങ്ങളെയും പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങളെയും നേരിടാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ രാജ്യത്തുണ്ടെന്ന് നാഷണല്‍ കമ്മിറ്റി ഫോര്‍ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സ് ആന്റ് കണ്‍ട്രോള്‍ ഓഫ് പാന്‍ഡെമിക്‌സ് വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയുമായി ഇക്കാര്യത്തില്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് യുഎഇ അറിയിച്ചു. യുഎഇയിലെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍ കമ്മിറ്റി ബുധനാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും മറ്റ് ഏജന്‍സികളും പങ്കെടുത്തു.

ദുബായ് ഹെല്‍ത്ത് അതോരിറ്റി, അബുദാബി ആരോഗ്യ മന്ത്രാലയം, നാാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോരിറ്റി, ജനറല്‍ അതോരിറ്റി ഓഫ് പോര്‍ട്‌സ്, ബോര്‍ഡര്‍ ആന്റ് ഫ്രീ സോണ്‍സ് സെക്യൂരിറ്റി, യുഎഇ എയര്‍പോര്‍ട്ട്‌സ് തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.

അതേസമയം, ഇതുവരെ സ്വീകരിച്ച നടപടികള്‍ കൊറോണ വൈറസില്‍ നിന്ന് രാജ്യത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമാണെന്ന് യുഎഇ വ്യക്തമാക്കി. രാജ്യത്ത് ഒരുതരത്തിലും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും യുഎഇ അറിയിച്ചു.

Exit mobile version