ഫിറ്റ്‌നസ് ചലഞ്ചില്‍ ലോക റെക്കോര്‍ഡ് ദുബായിലെ വനിതാ പോലീസുകാര്‍ക്ക് സ്വന്തം..! ഇത് ചില്ലറകളിയല്ല, എമിറേറ്റ്‌സ് ബോയിങ് 777-300 ആര്‍ വിമാനം 100 മീറ്റര്‍ കെട്ടിവലിച്ചു നീക്കി ഈ മിടുക്കികള്‍

ദുബായ്: പല പ്രമുഖരുടേയും ഫിറ്റ്‌നസ് ചലഞ്ചുകള്‍ നാം കണ്ടതാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി മുതല്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ വരെ ചലഞ്ചില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ വളരെ വ്യത്യസ്തമായ ചലഞ്ചുമായി വന്നിരിക്കുകയാണ് ദുബായ് പോലീസ് വനിതാ സംഘം.

ഇത് ചില്ലറ കളിയൊന്നുമല്ല എന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. ദുബായ് ഫിറ്റ്‌നസ് ചാലഞ്ചിന്റെ ഭാഗമായി എമിറേറ്റ്‌സ് ബോയിങ് 777-300 ആര്‍ വിമാനം കെട്ടിവലിച്ചു നീക്കി ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് ഈ മിടുക്കികള്‍. 77 പേര്‍ ചേര്‍ന്ന് വിമാനം 100 മീറ്റര്‍ വലിച്ചുനീക്കി. ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി ഗിന്നസ് പ്രതിനിധികളില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

ദുബായില്‍ ഫിറ്റ്‌നസ് ചലഞ്ചിന് മുന്‍കൈയ്യെടുത്തത് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ്. വെല്ലുവിളി ഏറ്റെടുത്ത്ത് ആയിരങ്ങളാണ്. കഴിഞ്ഞമാസം 26നു തുടങ്ങിയ വ്യായാമ മേളയ്ക്കു സമാപനമാകുകയാണെങ്കിലും ആരോഗ്യ ശീലങ്ങളിലേക്കുള്ള ജൈത്രയാത്ര തുടരും. അനാരോഗ്യത്തെ മലര്‍ത്തിയടിക്കാനാണ് ദിവസവും അരമണിക്കൂര്‍ എങ്കിലും വ്യായാമം ഉറപ്പാക്കാനുള്ള ഫിറ്റ്‌നസ് ചാലഞ്ച് നടത്തിയത്.

ബോളിവുഡ് താരം ഷാറൂഖ് ഖാന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ പ്രമുഖര്‍ ചാലഞ്ചിനു പിന്തുണയുമായെത്തിയിരുന്നു. 10 ലക്ഷത്തിലേറെ പേര്‍ പങ്കെടുത്തതായാണ് കണക്ക്. വിവിധയിടങ്ങളില്‍ യോഗ, ബാസ്‌കറ്റ്‌ബോള്‍ , ബോക്‌സിങ്, മറ്റു കായിക ഇനങ്ങള്‍ എന്നിവ അരങ്ങേറി. മൂവായിരത്തിലേറെ ക്ലാസുകള്‍, സെമിനാറുകള്‍ എന്നിവയും നടന്നു.

ദുബായ് ഫിറ്റ്‌നസ് ചാലഞ്ചില്‍ പ്രായഭേദമന്യേ കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ അണിനിരന്നു. ദിവസവും 30 മിനിറ്റ് വീതം 30 ദിവസം വ്യായാമം ചെയ്യുകയും അതു ദിനചര്യയുടെ ഭാഗമാക്കുകയും ചെയ്യുകയാണ് ദുബായ് ഫിറ്റ്‌നസ് ചാലഞ്ചിന്റെ ലക്ഷ്യം. എന്നാല്‍ ചലഞ്ച് സമാപിക്കുന്നെങ്കിലും തുടര്‍ന്നും ദുബായിലും സമീപമേഖലകളിലും സൗജന്യ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.

Exit mobile version