ജീവിതമാര്‍ഗം തേടി ഒന്നര മാസം മുമ്പ് സൗദിയില്‍ എത്തിയ മലയാളി വാഹനാപകടത്തില്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം പെരുമാതുറ സ്വദേശി വയമ്പുവിളാകം വീട്ടില്‍ ഷാഹുല്‍ ഹമീദ് (43) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത്. ഒന്നര മാസം മുമ്പാണ് ഷാഹുല്‍ ഹമീദ് ജോലിയ്ക്കായി സൗദിയില്‍ എത്തിയത്.

മദീനയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ അനേക്ക് എന്ന സ്ഥലത്ത് വെച്ചാണ് അപകടം. വാഹനത്തില്‍ കൂടെയുണ്ടായിരുന്ന സൗദി പൗരനും മരിച്ചു. സഹയാത്രികരായ മറ്റ് രണ്ട് സ്വദേശികള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മദീനയിലെ ഒരു കമ്പനിയില്‍ ജീവനക്കാരനാണ് ഷാഹുല്‍ ഹമീദ്.

സംഭവ സ്ഥലത്തുവച്ചു തന്നെ ഷാഹുല്‍ ഹമീദും സൗദി പൗരനും മരിച്ചു. 2019 നവംബര്‍ 24നാണ് ഷാഹുല്‍ ഹമീദ് തൊഴില്‍ വിസയില്‍ സൗദിയിലെത്തിയത്. അവിവാഹിതനാണ്. പിതാവ് നേരത്തെ മരിച്ചു. മാതാവ്: ഹലീമ ബീവി. സഹോദരങ്ങള്‍: സക്കീര്‍, അഷ്‌റഫ്, ലൈല, സഫീദ, സജീദ. മൃതദേഹം സൗദിയില്‍ ഖബറടക്കും.

Exit mobile version