യുഎഇയിലെ അഞ്ച് വര്‍ഷത്തേക്കുള്ള സന്ദര്‍ശക വിസ; ശൈഖ് മുഹമ്മദിനെ അഭിനന്ദിച്ച് എംഎ യൂസഫലി

ഇത്തരം തീരുമാനം യുഎഇയിലേക്കുള്ള സന്ദര്‍ശക പ്രവാഹം വര്‍ധിപ്പിക്കുമെന്ന് എംഎ യൂസഫലി പറഞ്ഞു.

ദുബായ്: അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ അനുവദിക്കാനുള്ള തീരുമാനമെടുത്ത യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ അഭിനന്ദിച്ച് പ്രവാസി വ്യവസായി എംഎ യൂസഫലി.

ഇത്തരം തീരുമാനം യുഎഇയിലേക്കുള്ള സന്ദര്‍ശക പ്രവാഹം വര്‍ധിപ്പിക്കുമെന്ന് എംഎ യൂസഫലി പറഞ്ഞു. മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും വ്യവസായികള്‍ക്കുമായി ദുബായിലെ സബീല്‍ കൊട്ടാരത്തില്‍ ശൈഖ് മുഹമ്മദ് ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കവെയാണ് പ്രവാസി വ്യവസായി എംഎ യൂസഫലി അദ്ദേഹത്തെ നേരിട്ട് അഭിനന്ദനം അറിയിച്ചത്.

പുതിയ വിസ അനുവദിക്കാനുള്ള തീരുമാനം യുഎഇയിലെ വ്യവസായങ്ങള്‍ക്ക് സഹായകമാവുമെന്നും എംഎ യൂസഫലി ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെടുന്നു. അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാനുള്ള തീരുമാനം നേരത്തെ ശൈഖ് മുഹമ്മദ് തന്നെയാണ് ട്വീറ്റ് ചെയ്തിരുന്നത്.

അതേസമയം, യുഎഇയെ ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യം കൂടുതല്‍ വേഗത്തില്‍ കൈവരിക്കാന്‍ പുതിയ തീരുമാനത്തിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഒരു വരവില്‍ ആറ് മാസം തുടര്‍ച്ചയായി രാജ്യത്ത് താമസിക്കാമെന്ന വ്യവസ്ഥയും സന്ദര്‍ശകര്‍ക്ക് ഗുണകരമാണ്. പുതിയ തീരുമാനം യുഎഇയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് പ്രവാസികളും പറയുന്നത്.

Exit mobile version