അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കിടെ കെട്ടിടത്തില്‍ നിന്നും വീണു; മലയാളി യുവാവിന് ദുബായിയില്‍ ദാരുണാന്ത്യം

ദുബായ്: ജോലി ചെയ്യുന്നതിനിടെ കെട്ടിടത്തില്‍ നിന്നും വീണ് മലയാളി യുവാവിന് ദുബായിയില്‍ ദാരുണാന്ത്യം. തിരുവനന്തപുരം കഴക്കൂട്ടം സുകന്യഭവനില്‍ സിറില്‍ മാര്‍ഷല്‍(30) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിക്ക്(പ്രാദേശിക സമയം)അല്‍ഖൂസിലുള്ള ജോലിസ്ഥലത്തുവെച്ചായിരുന്നു അപകടം.

അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കിടെയാണ് സിറില്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണത്. മറ്റ് ജോലിക്കാര്‍ ചേര്‍ന്ന് സിറിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു. ക്ലാസിക് വിഷന്‍ ഗ്ലാസ് ആന്‍ഡ് അലൂമിനിയം ഇന്‍സ്റ്റാലേഷന്‍ കമ്പനിയില്‍ അലൂമിനിയം ഫിറ്ററായി ജോലി ചെയ്തുവരുകയായിരുന്നു സിറില്‍. നെപ്പോളിയന്‍ മാര്‍ഷല്‍, തങ്കമ്മ എന്നിവരാണ് സിറിലിന്റെ മാതാപിതാക്കള്‍. സൗമ്യയാണ് ഭാര്യ. മകള്‍: ജ്യുവല്.

Exit mobile version