സൂര്യഗ്രഹണം: വ്യാഴാഴ്ചത്തെ പരീക്ഷകളുടെ സമയം മാറ്റാന്‍ ഉത്തരവിട്ട് സൗദി

ജിദ്ദ: വ്യാഴാഴ്ച സൂര്യഗ്രഹണം നടക്കുന്നതിനാല്‍, പരീക്ഷകളുടെ സമയം മാറ്റാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി സൗദി. വ്യാഴാഴ്ച അതിരാവിലെ നടക്കുന്ന എല്ലാ പരീക്ഷകളും രാവിലെ ഒമ്പത് മണിയിലേക്ക് മാറ്റാനാണ് ഉത്തരവ്.

പുലര്‍ച്ചെ 5.30 മുതല്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഗ്രഹണം ദൃശ്യമാകും. ഗുരുതര ആരോഗ്യ പ്രയാസങ്ങള്‍ ഇത് സൃഷ്ടിക്കുമെന്നതിനാല്‍ കണ്ണുകള്‍ കൊണ്ട് നേരിട്ട് സൂര്യനെ നോക്കരുതെന്ന് മുന്നറിയിപ്പുണ്ട്. ഇതിനാല്‍, സണ്‍ഗ്ലാസോ നിരീക്ഷണ ഉപകരണങ്ങളോ ഉപയോഗിക്കാം.

രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ സൂര്യഗ്രഹണം വീക്ഷിക്കാന്‍ സൗകര്യമുണ്ടാകും. ഹുഫൂഫില്‍ രാവിലെ 6.28ന് ഭാഗിക ഗ്രഹണത്തോടെ സൂര്യന്‍ ഉദിക്കും. ഇവിടെ 91 ശതമാനം വരെ ഗ്രഹണമുണ്ടാകും. 6.35 ന് ആരംഭിക്കുന്ന വലയ ഗ്രഹണം 7.37 ന് അവസാനിക്കും. ചന്ദ്രന്റെ നിഴല്‍ കേന്ദ്രം കടന്നു പോകുന്ന അറബ് ലോകത്തെ ഏക പ്രദേശം ഹുഫൂഫായിരിക്കും. ഭാഗിക ഗ്രഹണം ഒരു മണിക്കൂറും 20 മിനിട്ടും തുടരും.

സൗദിയുടെ ഭൂരിഭാഗം പ്രദേശത്ത് നിന്നും ഇത് വീക്ഷിക്കാം. സൂര്യനെ നേരിട്ട് നോക്കുന്നത് ഒഴിവാക്കാനും ജാഗ്രത പാലിക്കാനും മുന്നറിയിപ്പുണ്ട്. 97 വര്‍ഷത്തിന് ശേഷമാണ് സൗദിയില്‍ സൂര്യഗ്രഹണം കാണാനുള്ള അവസരം. ആറു മാസത്തിനുള്ളില്‍ സൗദിയില്‍ രണ്ടു വലയ ഗ്രഹണങ്ങളാണ് വരാനിരിക്കുന്നത്. ആദ്യത്തേത് വ്യാഴാഴ്ചയും രണ്ടാമത്തേത് 2020 ജൂണ്‍ 21നുമാണ്.

Exit mobile version