എക്‌സിറ്റ് വിസ റദ്ദാക്കിയ നടപടി ഗുണകരമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍വേ

സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും തീരുമാനത്തെ സ്വാഗതം ചെയ്തുവെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദോഹ: വിദേശ തൊഴിലാളികള്‍ക്ക് രാജ്യം വിടാന്‍ എക്‌സിറ്റ് വിസ റദ്ദാക്കിയ നടപടി ഗുണകരമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും തീരുമാനത്തെ സ്വാഗതം ചെയ്തുവെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ വഴിയാണ് സര്‍വേ നടത്തിയത്. ഇതില്‍ പങ്കെടുത്ത 88 ശതമാനം പേരും എക്‌സിറ്റ് വിസ റദ്ദാക്കിയ തീരുമാനത്തെ സ്വാഗതം ചെയ്തതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഇത് സഹായകമാകുമെന്നാണ് ഭൂരിഭാഗം പേരും വിലയിരുത്തിയത്.

ഒന്‍പത് ശതമാനം പേര്‍ മാത്രമാണ് എതിര്‍ത്തത്. എക്‌സിറ്റ് വിസയെക്കുറിച്ച് അറിയില്ലെന്നായിരുന്നു മൂന്ന് ശതമാനത്തിന്റെ പ്രതികരണം. എക്‌സിറ്റ് വിസ സംവിധാനം ഖത്തര്‍ എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് ഇപ്പോള്‍ രാജ്യം വിട്ടുപോകാന്‍ വിദേശ തൊഴിലാളികള്‍ക്ക് ഉടമകളുടെ അനുമതി ആവശ്യമില്ല. പുതിയ കരാറിനെ മലയാളികളടക്കമുള്ള തൊഴിലാളി സമൂഹം സ്വാഗതം ചെയ്തു.

വിദേശ തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ അനുമതി ഇല്ലാതെ ഖത്തറില്‍ നിന്ന് ഇപ്പോള്‍ സ്വന്തം നാട്ടിലേക്ക് വരാം. ഇതു സംബന്ധിച്ച് ഖത്തര്‍ റെസിഡന്‍സി നിയമത്തില്‍ മാറ്റംവരുത്തിയിരുന്നു. നേരത്തെയുണ്ടായിരുന്ന നിയമം അനുസരിച്ച് കുടിയേറ്റ തൊഴിലാളികള്‍ക്ക് ഖത്തര്‍ വിട്ടു പോകണമെങ്കില്‍ അവരുടെ തൊഴിലുടമയുടെ അനുമതി വേണമായിരുന്നു. പുതിയ നിയമമനുസരിച്ച് അത്തരത്തിലൊരു അനുമതിയുടെയും ആവശ്യമില്ല. തൊഴില്‍ നിയമത്തിന് പുറത്തുള്ള തൊഴിലാളികള്‍ക്കും തൊഴില്‍ മന്ത്രാലയത്തിന്റെ ചട്ടങ്ങളും നിബന്ധനകളും അനുസരിച്ച് പുതിയ നിയമത്തിന്റെ ആനുകൂല്യം ലഭ്യമാകും.

Exit mobile version