അബുദാബിയില്‍ ചികിത്സയില്‍ കഴിയുന്ന നീതുവിനെ രാവിലെ തിരുവനന്തപുരത്തെത്തിക്കും: തുടര്‍ ചികിത്സ ശ്രീചിത്രയില്‍

അബുദാബി: അപൂര്‍വ്വ രോഗം ബാധിച്ച് അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശിനി നീതുവിനെ വെള്ളിയാഴ്ച തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍സെന്ററിലേക്ക് എത്തിക്കും. വ്യാഴാഴ്ച രാത്രി ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിക്കുന്ന നീതുവിനെ തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിക്കും.

കഴിഞ്ഞ ആറര മാസമായി അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലാണ് തിരുവനന്തപുരം നെടുമങ്ങാട് വിതുര ലളിത ഭവനില്‍ ബിന്ദുവിന്റെ മകള്‍ നീതു. സന്ദര്‍ശകവിസയില്‍ അമ്മയെകാണാന്‍ അബുദാബിയിലെത്തിയ നീതുവിനെ ഓട്ടോ ഇമ്യൂണ്‍ എന്‍സഫാലിറ്റിസെന്ന അപൂര്‍വ രോഗം പിടിപെടുന്നത്. അരയ്ക്ക് താഴേക്ക് ചലനം നഷ്ടമായ നീതുവിന് ചിലപ്പോഴെങ്കിലും നേരിയ ബോധം തിരിച്ചുകിട്ടുമെങ്കിലും ആള്‍ക്കാരെ മനസ്സിലാവില്ല.

വിമാനത്തില്‍ യാത്ര ചെയ്യാനാവും വിധം ആരോഗ്യം വീണ്ടെടുത്തതോടെ യാത്രാനുമതി നല്‍കുകയായിരുന്നു ആശുപത്രി അധികൃതര്‍. അരയ്ക്കു താഴെ തളര്‍ന്ന് അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന നീതുവിന്റെ ദുരവസ്ഥ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്‌ട്രെച്ചറിലുള്ള രോഗിയെ അഹല്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സും അമ്മ ബിന്ദുവും അനുഗമിക്കും. പുലര്‍ച്ചെ 5.30ന് തിരുവനന്തപുരത്ത് എത്തുന്ന നീതുവിനെ ശ്രീചിത്തിര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിക്കും. ഇതിനാവശ്യമായ സൗകര്യങ്ങള്‍ നോര്‍ക്ക ഏര്‍പ്പാടാക്കിയിരുന്നു.

അമേരിക്കയിലെ ബയോലാബില്‍ പരിശോധിച്ചപ്പോഴാണ് ഓട്ടോ ഇമ്മ്യൂണ്‍ എന്‍സഫാലിറ്റീസ് എന്ന അപൂര്‍വ രോഗമാണെന്ന് തിരിച്ചറിഞ്ഞത്. ഇതിനോടകം തന്നെ 10 ലക്ഷത്തോളം രൂപയുടെ ചികിത്സാ ആശുപത്രി സൗജന്യമായാണ് ചെയ്തത്.
സന്ദര്‍ശക വീസയിലുള്ള വിദേശികള്‍ക്ക് നല്‍കാവുന്ന 6 മാസത്തെ ചികിത്സാ കാലാവധി തീര്‍ന്നതോടെ നീതുവിനെ എങ്ങോട്ട് കൊണ്ടുപോകുമെന്ന സങ്കടത്തിലായിരുന്നു ബിന്ദു. അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ സന്ദര്‍ശിച്ച വ്യവസായ മന്ത്രി ഇപി ജയരാജനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും തുടര്‍ ചികിത്സ ഉറപ്പു നല്‍കിയിരുന്നു. കൂടാതെ നോര്‍ക്കയുടെ സഹായവും ഉറപ്പാക്കിയിരുന്നു.

ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ നിത്യജീവിതത്തിനു വക തേടി 2 മക്കളെയും അമ്മയെ ഏല്‍പിച്ച് അബുദാബിയില്‍ തൂപ്പു ജോലിക്ക് എത്തിയതായിരുന്നു ബിന്ദു. 12 വര്‍ഷത്തെ അധ്വാനത്തിനൊടുവില്‍ മകള്‍ നീതുവിനെ വിവാഹം ചെയ്തയച്ചു. പിന്നീടു സന്ദര്‍ശക വീസയില്‍ അമ്മയെ കാണാനെത്തിയ നീതുവിനു മാര്‍ച്ച് 17ന് പനിയും ഛര്‍ദിയും അപസ്മാരവും അനുഭവപ്പെടുകയായിരുന്നു.

അപസ്മാരം കൂടിയതോടെ 27ന് ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റി. 4 മാസത്തോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റി, ക്ലീവ് ലാന്‍ഡ് ക്ലിനിക്, മഫ്‌റഖ്, എറണാകുളം അമൃത എന്നീ ആശുപത്രികളിലെ ന്യൂറോ വിദഗ്ധ ഡോക്ടര്‍മാരുടെ മാര്‍ഗ നിര്‍ദേശം അനുസരിച്ചായിരുന്നു ചികിത്സ.

നീതുവിന്റെ സന്ദര്‍ശക വീസ കാലാവധി തീര്‍ന്നതു മൂലമുണ്ടായിരുന്ന 18,000 ദിര്‍ഹം പിഴ ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുലിന്റെ ഇടപെടലിലൂടെ എമിഗ്രേഷന്‍ അധികൃതര്‍ എഴുതിത്തള്ളിയിരുന്നു.

കഴിഞ്ഞമാസം നീതുവിനെ നാട്ടിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വിഫലമായിരുന്നു. ഇതോടെ ഔട്ട്പാസിന്റെ കാലാവധിയും തീര്‍ന്നിരുന്നു.

Exit mobile version