സൗദിയില്‍ റോഡ് അപകടത്തില്‍ പരിക്കേറ്റ മലയാളിയുടെ നില ഗുരുതരം

റിയാദ്: സൗദി അറേബ്യയില്‍ റോഡ് അപകടത്തില്‍ പരിക്കേറ്റ മലയാളിയുടെ നില ഗുരുതരം. അല്‍ഖോബാറിലെ സ്വകാര്യ കമ്പനിയില്‍ മെയിന്റനന്‍സ് സൂപ്പര്‍വൈസറായ പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് ഷരീഫിനാണ് അപകടം പറ്റിയത്. റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം എന്നാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച വൈകുന്നേരമാണ് അപകടം. അല്‍ഖോബാറില്‍ വെച്ച് ഇയാള്‍ റോഡ് മുറിച്ച്‌ കടക്കുകയായിരുന്നു. ഇതിനിടെ ഒരു സുഡാന്‍ പൗരന്‍ ഓടിച്ചിരുന്ന കാര്‍ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഷരീഫിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.

അബോധാവസ്ഥയിലായ അദ്ദേഹത്തിന്റെ രക്തസമ്മര്‍ദം സാധാരണ നിലയിലെത്തിയ ശേഷമേ തുടര്‍ചികിത്സ നല്‍കാനാവൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സഹപ്രവര്‍ത്തകരും ദുബായില്‍ ജോലി ചെയ്യുന്ന സഹോദരനുമാണ് ഇപ്പോള്‍ ഷരീഫിന്റെ കൂടെ ഉള്ളത്.

Exit mobile version