ചെയ്യുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി വ്യക്തമായ ബോധ്യമുണ്ട്, മനസാക്ഷിക്ക് നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ല; തുഷാര്‍ വിഷയത്തില്‍ യൂസഫലി

ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ജാതിയും മതവും രാഷ്ട്രീയവുമൊന്നും വിഷയമാകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

MA yusuf Ali | Bignewslive

ദുബായ്: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെട്ട ചെക്ക് കേസില്‍ വീണ്ടും പ്രതികരണവുമായി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. ഇതുവരെ താന്‍ മനസാക്ഷിക്ക് നിരക്കാത്തതായി യാതൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. താന്‍ നടത്തുന്ന കാരുണ്യപ്രവര്‍ത്തനങ്ങളെപ്പറ്റി വ്യക്തമായ ബോധ്യമുണ്ടെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു. ഇനിയും ഇത്തരം പ്രവര്‍ത്തനും തുടരുമെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.

കുടുംബസുഹൃത്തിന്റെ മകന് ഒരുപ്രശ്നം വന്നപ്പോള്‍ ആ പിതാവിന്റെ അപേക്ഷ അനുസരിച്ച് കോടതിയില്‍ കെട്ടിവെയ്ക്കാന്‍ പണംനല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും യൂസഫലി പറയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ജാതിയും മതവും രാഷ്ട്രീയവുമൊന്നും വിഷയമാകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇയില്‍ ശക്തമായ നിയമം ഉണ്ട്. അതില്‍ ഇടപെടാനൊന്നും ആര്‍ക്കും കഴിയില്ല. താനും അത്തരം കാര്യങ്ങളില്‍ ഇടപെടാറില്ല. കേസ് കോടതിയില്‍ ഇരിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരണങ്ങള്‍ വിഷയത്തില്‍ നടത്തുന്നില്ലെന്നും യൂസഫലി പറഞ്ഞു.

ഈ വിഷയത്തില്‍ തനിക്കെതിരേ നടക്കുന്ന അപവാദപ്രചാരണങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്നും യൂസഫലി തുറന്നടിച്ചു. ഇത്തരം ആക്രമണങ്ങളെ ഭയക്കുന്നില്ലെന്നും ഗള്‍ഫ് നാടുകളിലെ ഭരണാധികാരികള്‍ക്ക് തന്നെ നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടുള്ള സഹായങ്ങള്‍ ഇനിയും ചെയ്യും, അത് തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version