അങ്ങ് ജര്‍മ്മനിയില്‍ ബീഫ് വിളമ്പിയിട്ടുമില്ല; പോലീസ് അടിച്ചോടിച്ചിട്ടും ഇല്ല; വിശദീകരിച്ച് കേരള സമാജം

കോണ്‍സുലേറ്റ് ജനറല്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെന്നും ഇതോടെ മെനു പിന്‍വലിക്കുകയായിരുന്നെന്ന് സമാജം

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ വെച്ച് കേരള സമാജം നടത്തിയ ഫുഡ്‌ഫെസ്റ്റില്‍ ബീഫ് വിളമ്പിയതിനിടെ പോലീസ് നടപടി ഉണ്ടായെന്ന വാര്‍ത്ത വ്യാജം. മലയാളികള്‍ ബീഫ് വിളമ്പിയതിനെതിരെ തുടര്‍ന്ന് പ്രതിഷേധിച്ച ഉത്തരേന്ത്യക്കാരെ ജര്‍മ്മന്‍ പോലീസ് അടിച്ച് ഓടിച്ചെന്ന വാര്‍ത്ത വ്യാജമാണെന്ന് കേരളസമാജം പ്രവര്‍ത്തകര്‍ പ്രതികരിച്ചു. യഥാര്‍ത്ഥത്തില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന ഇന്ത്യന്‍ ഫെസ്റ്റിലെ ഫുഡ്‌ഫെസ്റ്റില്‍ കേരള സമാജം തയ്യാറാക്കിയ മെനു പിന്‍വലിക്കുകയാണ് ഉണ്ടായത്.

ബീഫ് കറിയും പൊറോട്ടയും ഭക്ഷ്യമേളയില്‍ വിളമ്പാനുള്ള ശ്രമത്തിനെതിരെ പ്രത്യേക താല്‍പര്യങ്ങളുള്ള ചിലര്‍ എതിര്‍പ്പുയര്‍ത്തിയതോടെ മെനു കാര്‍ഡ് പിന്‍വലിക്കേണ്ടി വന്നെന്നാണ് സംഘാടകര്‍ ഫേസ്ബുക്കിലൂടെ വിശദീകരിക്കുന്നത്. ഓരോ സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് ഭക്ഷണ സ്റ്റാള്‍ ഒരുക്കാനുള്ള അനുമതി ഉണ്ടായിരുന്നു. മദ്യമൊഴികെയുള്ള അവരുടെ സംസ്ഥാനത്തെ തനത് വിഭവങ്ങള്‍ വിളമ്പാന്‍ അനുമതി നല്‍കിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ നിന്നും ബീഫടങ്ങിയ മെനു പിന്‍വലിക്കണമെന്ന് വിഎച്ച്പി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയായിരുന്നു. ബീഫ് കഴിക്കുന്നത് ഹിന്ദു സംസ്‌കാരത്തിന് എതിരാണ് എന്നായിരുന്നു ഇവരുടെ വാദം. ഇതോടെ വിദേശത്ത് ഇന്ത്യയുടെ പേരില്‍ നടക്കുന്ന മേളയ്ക്കിടെ ഭക്ഷണത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ബീഫ് അടങ്ങിയ മെനു കാര്‍ഡ് പിന്‍വലിക്കാന്‍ കേരള സമാജം നിര്‍ബന്ധിതരാവുകയായിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെന്നും ഇതോടെ മെനു പിന്‍വലിക്കുകയായിരുന്നെന്നും സമാജം അംഗങ്ങള്‍ വ്യക്തമാക്കി.

എന്നാല്‍, ഇവിടെ ബീഫ് വിളമ്പിയെന്നും ഇത് എതിര്‍ത്തവരെ ജര്‍മ്മന്‍ പോലീസ് അടിച്ചോടിച്ചു എന്നുമൊക്കെയുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് കേരള സമാജം പ്രവര്‍ത്തകര്‍ പറയുന്നു. ഭക്ഷ്യമേള സുഗമമായി നടന്നുവെന്ന് കേരള സമാജം അംഗങ്ങള്‍ തന്നെ വെളിപ്പെടുത്തി. ആദ്യം തയ്യാറാക്കിയ മെനു പിന്‍വലിക്കേണ്ടി വന്നതോടെ പ്രശ്‌നങ്ങള്‍ നേരിട്ടു. എന്നാല്‍ നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കാനായി ദൈവത്തിന്റെ സ്വന്തം നാട്ടുകാരായ തങ്ങള്‍ കടുത്തപ്രതിഷേധത്തിന് മുതിര്‍ന്നില്ല. എങ്കിലും ഒരു വിഭാഗം സമാജം അംഗങ്ങള്‍ പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു.

സമാധാനപരമായി കാര്യങ്ങള്‍ നടന്നെങ്കിലും മെനുകാര്‍ഡ് പിന്‍വലിച്ചതിന് എതിരെ ശബ്ദമുയര്‍ത്താന്‍ മലയാളികള്‍ മറന്നില്ല. ഭക്ഷ്യമേള അലങ്കോലമാകാത്ത രീതിയില്‍ പ്രതിഷേധം പ്രകടിപ്പിച്ചാണ് മലയാളികള്‍ മടങ്ങിയത്. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യന്‍ സംസ്‌കാരം, എന്ത് കഴിക്കണമെന്നത് സ്വയം തീരുമാനിക്കുമെന്ന പ്രതിഷേധക്കാര്‍ഡുകള്‍ ഉയര്‍ത്തി മലയാളികള്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ പ്രതിഷേധവും രേഖപ്പെടുത്തി.

Exit mobile version