തുഷാര്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടി: കുറ്റവിമുക്തനാകാതെ യുഎഇ വിടാകാനില്ല

അജ്മാന്‍: ചെക്ക് കേസില്‍ യുഎഇയില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവുതേടിയുള്ള തുഷാര്‍ വെള്ളാപ്പള്ളിയുടെ അപേക്ഷ അജ്മാന്‍ കോടതി തളളി. ഇനി കേസില്‍ ഒത്തുതീര്‍പ്പുണ്ടാകുന്നതു വരെയോ കേസ് തീരും വരെയോ തുഷാറിന് യുഎഇ വിടാനാകില്ല.

യാത്രാവിലക്ക് വിലക്ക് നീക്കാന്‍ സ്വദേശി പൗരന്റെ പാസ്‌പോര്‍ട്ട് ജാമ്യമായി നല്‍കി നാട്ടിലേക്ക് മടങ്ങാനായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ നീക്കം. ഇതിനായി അജ്മാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. ഇനി വിചാരണ പൂര്‍ത്തിയാക്കി കുറ്റവിമുക്തനായാല്‍ മാത്രമേ തുഷാറിന് മടങ്ങാനാകൂ. അല്ലെങ്കില്‍ കേസ് ഒത്തുതീര്‍പ്പാക്കണം.

കോടതിക്ക് അകത്തും പുറത്തും വച്ചുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തിലായിരുന്നു തുഷാറിന്റെ പുതിയ നീക്കം. വിചാരണ തീരുന്നത് വരെയോ അല്ലെങ്കില്‍ കോടതിക്ക് പുറത്തു കേസ് ഒത്തുതീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യസ്ഥയിലാണ് അജ്മാന്‍ കോടതി കഴിഞ്ഞ വ്യാഴാഴ്ച്ച തുഷാറിനു ജാമ്യം അനുവദിച്ചത്.

എന്നാല്‍, യുഎഇ പൗരന്റെ പേരില്‍ കേസിന്റെ പവര്‍ ഓഫ് അറ്റോര്‍ണി കൈമാറി, കോടതിയില്‍ നിന്നും സ്വന്തം പാസ്‌പോര്‍ട്ട് തിരികെ വാങ്ങി നാട്ടിലേക്ക് മടങ്ങാനായിരുന്നു തുഷാറിന്റെ ശ്രമം. ഇതിനായി ചുമതലപ്പെടുത്തിയ സ്വദേശി അഭിഭാഷകനാണു കോടതിയെ സമീപിച്ചത്.

Exit mobile version