ബന്ധുനിയമന വിവാദം: നിയമനം നടത്തിയതില്‍ തെറ്റ് പറ്റിയിട്ടില്ല, ആരോപണങ്ങളില്‍ കഴമ്പില്ലെന്നും സിപിഎം, മന്ത്രി കെടി ജലീലിന് പാര്‍ട്ടിയുടെ പിന്തുണ

നേതൃത്വത്തില്‍ നിന്നും മന്ത്രിയ്ക്ക് ലഭിക്കുന്ന പിന്തുണയില്‍ കുറവില്ല.

തിരുവനന്തപുരം: യൂത്ത് ലീഗ് സെക്രട്ടറി പികെ ഫിറോസിന്റെ ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമെന്ന് സിപിഎം. മന്ത്രി കെടി ജലീലിന് പൂര്‍ണ്ണ പിന്തുണ നല്‍കാനാണ് പാര്‍ട്ടി തീരുമാനം. മന്ത്രിയ്‌ക്കെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്നും നിയമനം നടത്തിയതില്‍ തെറ്റ് പറ്റിയിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി വിവാദം ഉന്നയിക്കുന്നവര്‍ കോടതിയെ സമീപിച്ചോളൂ എന്നും പാര്‍ട്ടി നിലപാട് തുറന്നടിച്ചു.

ബന്ധു നിയമനത്തില്‍ അഴിമതി ഇല്ലെന്ന് ആവര്‍ത്തിച്ച് ജലീല്‍ വീണ്ടും രംഗത്തെത്തി. അദീബിന്റെ നിയമനത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു. ചട്ടങ്ങള്‍ മാറ്റിയത് കൂടുതല്‍ ആളുകള്‍ അപേക്ഷിക്കാന്‍ വേണ്ടിയാണെന്നും നിയമപ്രകാരം യോഗ്യതയും പരിചയ സമ്പത്തുമുള്ള ഏതൊരു വ്യക്തിയേയും ഡപ്യൂട്ടേഷനില്‍ നിയമിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും മന്ത്രി കെടി ജലീല്‍ വ്യക്തമാക്കിയിരുന്നു.

നേതൃത്വത്തില്‍ നിന്നും മന്ത്രിയ്ക്ക് ലഭിക്കുന്ന പിന്തുണയില്‍ കുറവില്ല. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉള്‍പ്പടെ നിരവധി പേരാണ് കെടി ജലീലിന് പിന്തുണയുമായി എത്തിയത്. ജലീല്‍ അഴിമതിക്കാരനെന്ന് ആര്‍ക്കും വിശ്വസനീയമായ കാര്യമല്ലെന്നുമായിരുന്നു സ്പീക്കറിന്റെ പക്ഷം. മന്ത്രി ഇപി ജയരാജനും മന്ത്രിയ്ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കെടി ജലീലിന് പിന്തുണയുമായി പാര്‍ട്ടി നേതൃത്വവും രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version