റാഫേലിന് പിന്നാലെ മൈക്രോവേവ് സ്‌പെക്ട്ര വിതരണ അഴിമതി; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്

101 അപേക്ഷകള്‍ കെട്ടിക്കിടക്കവെ ഒരു കോര്‍പ്പറേറ്റ് സുഹൃത്തിനെ സഹായിക്കുവാനാണ് ഈ രീതിയില്‍ സ്പെക്ട്രം വിതരണം നടത്തിയതെന്നും ഇതുവഴി 69, 381 കോടി രൂപയുടെ അഴിമതി നടന്നുവെന്നും കോണ്‍ഗ്രസ് വക്താക്കള്‍ ആരോപിച്ചു

ന്യൂ ഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഗുരുതര അഴിമതി ആരോപണമായി കോണ്‍ഗ്രസ് രംഗത്ത്. മൈക്രോവേവ് സ്പെക്ട്രം വിതരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 69,000 കോടി രൂപയുടെ അഴിമതി നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത്. 2012ലെ സുപ്രീം കോടതി ഉത്തരവ് പാലിക്കാതെ, ചട്ടങ്ങള്‍ ലംഘിച്ച മൈക്രോവേവ് സ്‌പെക്ട്രം പ്രധാനമന്ത്രി സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്‌തെന്നണ് കോണ്‍ഗ്രസിന്റെ വാദം.

ഇത് സംബന്ധിച്ച് സുപ്രീംകോടതി യുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച സിഎജി പാര്‍ലമെന്റില്‍ വെച്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്് കോണ്‍ഗ്രസ് ആരോപണങ്ങള്‍. 2015ലെ മെക്രോവേവ് സ്‌പെക്ട്രം ലൈസന്‍സ് രണ്ട് കമ്പനികള്‍ക്ക് നല്‍കിയത് ലേലം നടത്താതെയാണെന്നും ഇത് നഷ്ടമുണ്ടാക്കി എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

101 അപേക്ഷകള്‍ കെട്ടിക്കിടക്കവെ ഒരു കോര്‍പ്പറേറ്റ് സുഹൃത്തിനെ സഹായിക്കുവാനാണ് ഈ രീതിയില്‍ സ്പെക്ട്രം വിതരണം നടത്തിയതെന്നും ഇതുവഴി 69, 381 കോടി രൂപയുടെ അഴിമതി നടന്നുവെന്നും കോണ്‍ഗ്രസ് വക്താക്കള്‍ ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ റഫേലിന് പിന്നാലെ സ്പെക്ട്രം വിതരണത്തില്‍ നടന്ന ക്രമക്കേടും ബിജെപിക്കും പ്രധാനമന്ത്രിക്കുമെതിരെ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

Exit mobile version