‘മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ തെറ്റായ ആളുകളെ സംരക്ഷിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്; യോഗി ആദിത്യനാഥ്

മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ തന്നെ മനുഷ്യാവകാശം ലംഘിക്കുന്നത് ശരിയല്ലെന്നും ആദിത്യനാഥ കൂട്ടിച്ചേര്‍ത്തു

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിവാദ പരാമര്‍ശവുമായി വീണ്ടും രംഗത്ത്. ഉത്തര്‍പ്രദേശില്‍ നടക്കുന്ന ‘പോലീസ് വീക്ക്’ പരിപാടിയില്‍ ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശങ്ങള്‍ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണെന്നും കുറ്റവാളികള്‍ക്കും തീവ്രവാദികള്‍ക്കും വേണ്ടിയുള്ളതല്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പോലീസ് വീക്കിലെ അഞ്ചാമത്തെ ദിവസമായ വെള്ളിയാഴ്ചയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.

മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ തെറ്റായ ആളുകളെ സംരക്ഷിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ തന്നെ മനുഷ്യാവകാശം ലംഘിക്കുന്നത് ശരിയല്ലെന്നും ആദിത്യനാഥ കൂട്ടിച്ചേര്‍ത്തു.

നിരവധി സംഘടനകളും ആളുകളും മനുഷ്യാവകാസ ലംഘനത്തിന്റെ പേരില്‍ സര്‍ക്കാറിനേയും പോലീസിനേയും വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പോലീസിന്റെ നടപടികള്‍ പ്രശംസിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ച് നേപ്പാള്‍, മ്യാന്‍മാര്‍, സിംഗപ്പൂര്‍, മൗറീഷ്യസ് എന്നിവിടങ്ങളില്‍. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് നെഗറ്റീവ് ലേഖനങ്ങളും വിമര്‍ശനങ്ങളും വായിച്ചിട്ടുപോലും സംസ്ഥാനത്തെ പോലീസ് നടപടികളെ ജനങ്ങള്‍ പ്രശംസിക്കുന്നുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു.

Exit mobile version