ചുവന്ന പൊതിക്കുള്ളിലെ കടലാസുകളിലെ കോര്‍പ്പറേറ്റ് അക്ഷരങ്ങള്‍

വരികള്‍ക്കിടയിലൂടെയുള്ള വായന

അഞ്ച് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയിളവ്, വായ്പയെടുത്ത് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നികുതിയിളവ്, പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിക്കാനുതകുന്ന ട്രാവല്‍ കാര്‍ഡ്, വീടിനെക്കുറിച്ചും വൈദ്യുതിയെക്കുറിച്ചും പാചകവാതകത്തെക്കുറിച്ചും ജലഗതാഗതത്തെക്കുറിച്ചും പ്രഖ്യാപനങ്ങള്‍. ഒറ്റനോട്ടത്തില്‍ ഇന്ത്യന്‍ മധ്യവര്‍ഗത്തെക്കൊണ്ട് കയ്യടിപ്പിക്കാനുള്ള എല്ലാം നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലുണ്ട്. വാര്‍ത്തകള്‍ക്കും കഥകള്‍ക്കും ഒക്കെയുള്ളതുപോലെ ബജറ്റിനും മറ്റൊരു വായനയുണ്ടല്ലോ. വരികള്‍ക്കിടയിലൂടെയുള്ള വായന.

ഇന്ത്യയിലെ മധ്യവര്‍ഗക്കാരനെക്കൊണ്ട് കയ്യടിപ്പിക്കാന്‍ നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച നികുതിയിളവുകള്‍ നല്‍കാന്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നികുതിയളവുകളുടെ ചെറിയ ശതമാനം പണം പോലും വേണ്ട എന്നതാണ് യാഥാര്‍ത്ഥ്യം. അതായത്, കോര്‍പ്പറേറ്റുകളെ തലോടി ഇന്ത്യന്‍ ജനതയെ പിഴിഞ്ഞ് ഉണ്ടാക്കിയിരുന്ന പണത്തില്‍ വളരെ ചെറിയ ഒരു ശതമാനം വേണ്ടെന്നു വെക്കുക മാത്രമാണ്. പക്ഷേ അങ്ങനെ വേണ്ടെന്നു വെക്കുമ്പോള്‍ കോര്‍പ്പറേറ്റുകളെ തൃപ്തിപ്പെടുത്താന്‍ അതിലും വലിയ എന്തെങ്കിലും സര്‍ക്കാര്‍ ചെയ്യുന്നുണ്ടാവില്ലേ. ആ ചോദ്യത്തിന് ഉത്തരം കിട്ടാനാണ് ബജറ്റ് വരികള്‍ക്കിടയിലൂടെ വായിക്കേണ്ടത്.

അങ്ങനെ വായിച്ചു ചെല്ലുമ്പോഴാണ് ഇന്ത്യയിലെ പൊതു മേഖലയെ സംബന്ധിച്ച് ഈ സര്‍ക്കാരിന്റെ കാഴ്ചപ്പാട് എന്താണെന്ന് വ്യക്തമാവുക. നേരത്തെ തന്നെ അക്കാര്യത്തില്‍ സര്‍ക്കാരിന്റെ നയവും മനോഭാവവുമൊക്ക വ്യക്തമായിട്ടുള്ളതിനാല്‍ അത്ഭുതപ്പെടാനൊന്നുമില്ല. റെയില്‍വേ വികസനത്തിന് പത്ത് വര്‍ഷത്തേക്ക് അമ്പത് ലക്ഷം കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. കേട്ടാല്‍ വലിയ എന്തോ കാര്യം സര്‍ക്കാര്‍ ചെയ്യാന്‍ പോവുകയാണെന്നാണ് തോന്നുക. എല്ലാ വര്‍ഷവും സ്വന്തമായി ബജറ്റ് അവതരിപ്പിച്ചിരുന്ന റെയില്‍വേക്കാണ് പത്തു വര്‍ഷത്തേക്ക് ഇത്രയും തുക അനുവദിച്ചിരിക്കുന്നതെന്നത് ഒന്നാമത്തെ കാര്യം. അതിനു പുറമെ ഈ തുക സര്‍ക്കാര്‍ അനുവദിക്കുന്നതല്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. റെയില്‍വേ വികസനത്തിന് സര്‍ക്കാര്‍ കാണുന്ന വഴി പൊതു സ്വകാര്യ പങ്കാളിത്തമാണെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി പറഞ്ഞിരുന്നു. അതായത് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയെ സ്വകാര്യ മുതലാളിമാര്‍ക്ക് വിറ്റിട്ടാണ് പത്തു വര്‍ഷത്തേക്കുള്ള ഈ അമ്പത് ലക്ഷം കോടി സര്‍ക്കാര്‍ കണ്ടെത്തുക.

റെയില്‍വേ പൂര്‍ണ്ണമായും സ്വകാര്യവത്കരിക്കാനുള്ള തീരുമാനം ഈ ബജറ്റ് അവതരിപ്പിക്കുന്നതിനു മുന്‍പു തന്നെ സര്‍ക്കാര്‍ കൈക്കൊണ്ടതാണ്. അതവരുടെ നയവുമാണ്. ട്രെയിനുകളടക്കം സ്വകാര്യവത്കരിക്കുകയാണെന്ന് പ്രഖ്യാപിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. അതിനുള്ള നടപടികളും തുടങ്ങി. ബാലകൃഷ്ണപ്പിള്ളയുടെ ശരണ്യ ഗ്രൂപ്പും സുരേഷ് കല്ലടയുടെ കല്ലടയുമൊക്കെപ്പോലെ നാളെ നമ്മുടെ ലോക്കല്‍ ലൈനുകളിലും ലോങ്ങ് ലൈനുകളിലുമെല്ലാം അംബാനിയുടെയും അദാനിയുടെയും ട്രെയിനുകള്‍ അവര്‍ക്കിഷ്ടമുള്ള ചാര്‍ജും ഈടാക്കി ഓടുന്ന കാലം വിദൂരമല്ല എന്നര്‍ത്ഥം.

ഇന്‍ഷൂറന്‍സ്, മാധ്യമ, വ്യോമയാന മേഖലകളില്‍ വിദേശ നിക്ഷേപ പരിധി കൂട്ടുമെന്നും ധനകാര്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ സാധാരണക്കാരന്റെ വിശ്വാസം മുതലെടുത്ത് അതിന്റെ വില കൊണ്ട് ലാഭത്തിലായ നമ്മുടെ പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനികള്‍ വിദേശ കുത്തകകള്‍ക്ക് എഴുതിക്കൊടുക്കുമെന്നാണ് അതിനര്‍ത്ഥം. മാധ്യമ രംഗത്ത് വിദേശ താല്‍പര്യങ്ങള്‍ കടന്നു വരുന്നതും ഇന്ത്യന്‍ വ്യോമയാന രംഗം വിദേശ താല്‍പര്യങ്ങള്‍ക്ക് അടിയറ വെക്കുന്നതുമൊക്കെ ഈ ബജറ്റിലെ നിര്‍ദേശങ്ങളാണ്.

ഇന്ത്യയുടെ നാഷണല്‍ കാരിയര്‍ എന്നറിയപ്പെടുന്ന എയര്‍ഇന്ത്യയടക്കം എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരി വിറ്റഴിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ലക്ഷത്തി അയ്യായിരം കോടിയുടെ ഓഹരികളാണത്രേ വിറ്റഴിക്കാന്‍ പോവുന്നത്. അതായത്, ഇന്ത്യയിലെ ജനങ്ങള്‍ നല്‍കിയ പണം കൊണ്ടും അവരുടെ നികുതിപ്പണം കൊണ്ടുമെല്ലാം പടുത്തുയര്‍ത്തിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇനി മുതല്‍ ജനങ്ങളുടേതല്ലാതാവുകയാണ്. അവ അംബാനിക്കും അദാനിക്കും പിന്നെ പേരറിയാത്ത കുറേ സ്വദേശി വിദേശി മുതലാളിമാര്‍ക്കും മാത്രം അവകാശമുള്ള സ്വകാര്യ സ്വത്തുക്കളാവുകയാണ്. അതിന്റെ പ്രതിഫലത്തില്‍ നിന്ന് ലഭിക്കുന്ന എല്ലിന്‍ കഷണമാണ് മുകളില്‍ പറഞ്ഞ നികുതിയിളവ് എന്നര്‍ത്ഥം.

യഥാര്‍ത്ഥത്തില്‍ എല്ലാ മേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയാണെങ്കില്‍ പിന്നെ എന്തിനാണ് നികുതി പിരിക്കുന്നത്. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളൊക്കെ വില്‍ക്കുകയാണെങ്കില്‍ സര്‍ക്കാരിന്റെ ബാക്കി കാര്യങ്ങള്‍ നടത്താനുള്ള പണം അതില്‍ നിന്ന് കിട്ടുമല്ലോ. വില്‍ക്കാന്‍ പോകുന്ന നമ്മുടെ പൊതു മേഖലാ സ്ഥാപനങ്ങളുടെ ആസ്തി കൂട്ടി നോക്കിയാല്‍ അതിനേക്കാള്‍ എത്രയോ കൂടുതല്‍ വരും. പക്ഷേ അങ്ങനെ യഥാര്‍ത്ഥ മതിപ്പ് വിലയ്ക്കല്ല പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ പോകുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. ഇതുവരെയുള്ള ഓഹരി വില്‍പ്പനകളൊന്നും അങ്ങനെയായിരുന്നുമില്ല. ആകെ ആസ്തിയുടേതിനേക്കാള്‍ എത്രയോ താഴ്ന്ന വിലയ്ക്കാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തികള്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറിക്കൊണ്ടിരിക്കുന്നത്. അതായത് നമ്മുടെ സ്വന്തം സ്ഥാപനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് കൈമാറി നമുക്ക് നഷ്ടമുണ്ടാക്കുന്നത് ചോദ്യം ചെയ്യപ്പെടാതിരിക്കാനുള്ള കണ്ണില്‍ പൊടിയിടലാണ് മുകളില്‍ പറഞ്ഞ നികുതിയിളവുകള്‍.

പൊതുമേഖലാ സ്ഥാപനങ്ങളെ എന്തോ വലിയ ബാധ്യതകളെന്ന മട്ടില്‍ ചിത്രീകരിച്ച് വില്‍ക്കുമ്പോള്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച് തന്റെ പ്രസംഗത്തില്‍ ധനകാര്യ മന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ കാലങ്ങളിലൊന്നും ലോകത്തെ ആദ്യത്തെ ഇരുന്നൂറ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ ഒരു സ്ഥാപനവുമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ ആദ്യത്തെ ഇരുന്നൂറ് സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള സ്ഥാപനങ്ങളുണ്ട്. രണ്ട് ഐഐടികളും ഒരു ഐഐഎസ്‌സിയും; പൂര്‍ണമായും പൊതുമേഖലാ സ്ഥാപനങ്ങള്‍. അതായത് ഇപ്പോഴും നമുക്ക് എന്തെങ്കിലുമൊക്കെ നേട്ടങ്ങളുണ്ടാക്കാനും അതില്‍ അഭിമാനം കൊള്ളാനുമൊക്കെ നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വേണം. വെറുതെ കൂട്ടത്തില്‍ പറഞ്ഞുവെന്നു മാത്രം. അല്ലെങ്കിലും ഇതൊന്നും അറിയാഞ്ഞിട്ടല്ലല്ലോ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നത്. അത് ഇന്ത്യയിലെ ജനങ്ങള്‍ ചോരയും നീരും കൊടുത്ത് ഉണ്ടാക്കിയെടുത്ത വലിയ പ്രസ്ഥാനങ്ങള്‍ ചുളുവിലയ്ക്ക് സ്വന്തമാക്കാനുള്ള കോര്‍പ്പറേറ്റ് അജണ്ട നടപ്പാക്കാന്‍ അവര്‍ തന്നെ അധികാരത്തിലെത്തിച്ചവരുടെ ഉണ്ട ചോറിനുള്ള നന്ദിയാണല്ലോ.

Exit mobile version