തെരഞ്ഞെടുപ്പ് കമ്മീഷനും ആര്‍ എസ് എസും ശബരിമലയും

Column By : ടി.കെ ഹരീഷ്‌

മണ്ഡലകാലം കഴിഞ്ഞതോടെ തണുത്തിരുന്ന ശബരിമല വിഷയം വീണ്ടും ചൂടുപിടിച്ചിരിക്കുന്നു. ഈ വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനമാവുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പും അക്കാര്യത്തില്‍ ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ പരസ്യമായി വെല്ലു വിളിക്കുന്ന ബി ജെ പി നിലപാടുമാണ് ഈ വിഷയത്തെ വീണ്ടും ചര്‍ച്ചയാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷനെപ്പോലും വെല്ലു വിളിച്ച്് ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കും എന്ന് ബി ജെ പി പറയുന്നത് ഒരു മുന്നറിയിപ്പിനോടുള്ള വൈകാരിക പ്രതികരണമെന്ന നിലയില്‍ കാണുന്നവരുണ്ട്. പക്ഷേ വസ്തുതകള്‍ അങ്ങനെയല്ല. ഭരണഘടനാ സ്ഥാപനങ്ങളെ സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കുകയും അതിന് കഴിയാത്തവയെ പരസ്യമായി ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ഒക്കെ ചെയ്യുന്ന ബി ജെ പി നിലപാടിന്റെ യഥാര്‍ത്ഥ ഉറവിടെ അറിയണമെങ്കില്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നുള്ള ശബ്ദത്തിന് ചെവിയോര്‍ക്കണം.

രാജ്യത്തെ ഹിന്ദുത്വ ശക്തികളുടെ നേതൃസ്ഥാനത്തിരിക്കുന്ന ആര്‍ എസ് എസിന്റെ ഏറ്റവും ഉയര്‍ന്ന നയരൂപീകരണ വേദിയായ അഖില ഭാരതീയ പ്രതിനിധി സഭയുടെ ഗ്വാളിയോറില്‍ നടന്ന മൂന്നു ദിവസത്തെ ഉച്ചകോടിയില്‍ പാസ്സാക്കിയ രണ്ട് പ്രമേയങ്ങളും അതിനനുസൃതമായി ഇറക്കിയ പ്രസ്താവനകളും കേട്ടാലേ ഈ വെല്ലുവിളികളുടെ യഥാര്‍ത്ഥ ഉദ്ഭവസ്ഥാനം മനസ്സിലാവൂ. പ്രമേയങ്ങളില്‍ ഒന്ന് പതിവുപോലെ രാമക്ഷേത്രം സംബന്ധിച്ചാണ്. നാട്ടിലെ ഉത്സവ നോട്ടീസുകളിലെ വര്‍ഷാവര്‍ഷം നടത്തി വരാറുള്ള എന്ന പ്രയോഗത്തെ അനുസ്മരിപ്പിക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പ്് വരുമ്പോഴും ആര്‍ എസ് എസ് – ബി ജെ പി നേതൃത്വങ്ങള്‍ എടുത്തുപയോഗിക്കുന്നത്.

ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ അധികാരത്തിന്റെ പടവുകള്‍ ചവിട്ടിക്കയറാന്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് ഊന്നുവടിയായ വിഷയം എന്ന നിലയില്‍ അവരെ സംബന്ധിച്ച് വലിയ പ്രാധാന്യമുണ്ട് അതിന്. ബാബറി മസ്ജിദ് – രാമജന്മഭൂമി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി മദ്ധ്യസ്ഥ സംഘത്തെ നിയോഗിച്ച സാഹചര്യത്തിലാണ് ഇതംഗീകരിക്കില്ലെന്നും രാമക്ഷേത്ര നിര്‍മാണം വേഗത്തില്‍ നടപ്പാക്കാനുള്ള നടപടിയാണ് സുപ്രീം കോടതിയുടെ ഭാഗത്തു നിന്നുണ്ടാവേണ്ടതെന്ന നിലപാടുമായി ആര്‍ എസ് എസ് മുന്നോട്ടു വരുന്നത്. ഇന്ത്യയുടെ പരമോന്നത കോടതിയുടെ ഭാഗത്തു നിന്ന് എന്ത് നടപടിയാണ് ഉണ്ടാവേണ്ടത് എന്നു നിര്‍ദേശിക്കാന്‍ പോലും മടിക്കില്ലെന്ന സന്ദേശം ഈ പ്രസ്താവനയിലുണ്ട്. ഹിന്ദുക്കള്‍ നിരന്തരം അവഗണിക്കപ്പെടുകയാണെന്ന തോന്നല്‍ ഞങ്ങള്‍ക്കുണ്ടെന്ന മുന്നറിയിപ്പും സുപ്രീം കോടതിയ്ക്ക് ആര്‍ എസ് എസ് നല്‍കുന്നുണ്ട്.

ഇതിനു പുറമെ ഉച്ചകോടിയുടെ ഭാഗമായി പുറപ്പെടുവിച്ച ഒരു പ്രധാന പ്രസ്്താവന കേരളത്തിലെ ശബരിമലയെക്കുറിച്ചാണ്. എല്ലാവര്‍ക്കുമറിയാവുന്നതു പോലെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന നിലപാടാണ് തുടക്കം മുതല്‍ ആര്‍ എസ് എസ് സ്വീകരിച്ചിരുന്നത്. പക്ഷേ അതില്‍ നിന്ന് നേരെ എതിര്‍ ദിശയിലേക്കുള്ള നടത്തമാണ് ഗ്വാളിയോറില്‍ തയ്യാറാക്കിയ പ്രസ്താവന. നേരത്തെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് നിലപാടെടുത്തിരുന്ന ആര്‍ എസ് എസ് ഇതിനുള്ള നടപടി സ്വീകരിച്ച കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് പുതിയ പ്രസ്താവനയില്‍ ഉന്നയിച്ചത്. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചുവെന്നും ഹിന്ദു സമുദായത്തിനെതിരെ രാഷ്ട്രീയ ദുഷ്ടലാക്കോടെ പെരുമാറിയെന്നുമാണ് ആര്‍ എസ് എസിന്റെ പ്രസ്താവനയിലെ പ്രധാന ആക്ഷേപം.

നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്നില്ല. ഈ വിധിയുടെ സൂക്ഷമ വശങ്ങള്‍ മനസ്സിലാക്കാതെ അഹിന്ദുക്കളും അവിശ്വാസികളുമായ യുവതികളെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്‍ബലത്തോടെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ച് അനാവശ്യ ധൃതി കാണിക്കുകയും ഹിന്ദു സമൂഹത്തിനു നേരെ രാഷ്ട്രീയ ദുഷ്ടലാക്കോടെ പെരുമാറുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. – ഇതാണ് പ്രസ്താവനയിലെ പ്രധാന ഭാഗം. ബന്ധപ്പെട്ട ആചാരങ്ങളോ അതിന്റെ സത്തയോ ബഞ്ചില്‍ ആകെയുണ്ടായിരുന്ന വനിതാ അംഗത്തിന്റെ അഭിപ്രായമോ പോലും കണക്കിലെടുക്കാതെയാണ് സുപ്രീം കോടതി ശബരിമല വിഷയത്തില്‍ വിധി പറഞ്ഞതെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് മുന്‍ നിലപാടില്‍ വെള്ളം ചേര്‍ത്തു കൊണ്ട് ശബരിമല വിഷയം ആര്‍ എസ് എസ് വീണ്ടും ചര്‍ച്ചയിലേക്ക് കൊണ്ടു വരുന്നത്.

നോട്ട് നിരോധനം മൂലമുണ്ടായ മാന്ദ്യം, കാര്‍ഷിക പ്രതിസന്ധിയും കര്‍ഷക പ്രക്ഷോഭവും, റാഫേല്‍ അഴിമതി തുടങ്ങിയവയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കെയാണ് പിടിവള്ളിയായി പുല്‍വാമ ഭീകരാക്രമണവും അതിനെതിരായ തിരിച്ചടിയുമുണ്ടായത്. അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായാല്‍ പിന്നെ രാജ്യസ്‌നേഹത്തിനപ്പുറത്തെ രാഷ്ട്രീയത്തിന് സ്ഥാനമില്ലല്ലോ. ശത്രുക്കള്‍ എങ്ങനെ നമ്മുടെ സൈനിക വ്യൂഹത്തിനെ ആക്രമിച്ചുവെന്നും അത് രാജ്യം ഭരിക്കുന്നവരുടെ പരാജയമല്ലേയെന്ന് ചോദിക്കുന്നവന്‍ പോലും രാജ്യദ്രോഹിയാവുന്ന കാലമാണ് യുദ്ധകാലവും സംഘര്‍ഷകാലവും. അങ്ങനെയൊരു കാലം ഒത്തിണങ്ങി വന്ന്് എല്ലാം ഭദ്രമെന്ന് കരുതിയിരുന്നപ്പോഴാണ് സംഘര്‍ഷത്തിനിടെ മുങ്ങിപ്പോയിരുന്ന റാഫേല്‍ ദ ഹിന്ദു പത്രത്തിലൂടെ വീണ്ടും പൊങ്ങിയത്. തൊട്ടു പിറകെ നടന്ന ആര്‍ എസ് എസ് നയരൂപീകരണ ഉച്ചകോടിയില്‍ രാമക്ഷേത്രവും അയ്യപ്പ ക്ഷേത്രവും പൊങ്ങിവന്നത് യാദൃച്ഛികമല്ല എന്നര്‍ത്ഥം. അയ്യപ്പക്ഷേത്രമാവട്ടെ പഴയ നിലപാടിനെപ്പോലും തള്ളിയാണ് ആര്‍ എസ് എസ് പൊക്കിയെടുത്തത്. അതാണ് കേരളത്തിന്റെ കാര്യത്തിലുള്ള ശ്രദ്ധ.

ഉത്തരേന്ത്യയില്‍ റാഫേലിന് വലിയ മാര്‍ക്കറ്റുണ്ടാവില്ലെന്നും ഇന്ത്യ – പാക് യുദ്ധ മുറവിളികള്‍ കൊണ്ടു തന്നെ കാര്യങ്ങള്‍ നടക്കുമെന്നും രാമക്ഷേത്രം ഒരു സബ്‌സിഡിയറിയായി എടുത്തുവെച്ചാല്‍ മതിയെന്നും അവര്‍ക്കറിയാം. പക്ഷേ രാഷ്ട്രീയ പ്രശ്്‌നങ്ങള്‍ പൊതു സമൂഹത്തില്‍ വലിയ രൂപത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കേരളത്തില്‍ അതിനെയൊക്കെ മറികടക്കാനാവുന്ന വിധത്തില്‍ ശബരിമല വിഷയം പ്രത്യേക പ്രാധാന്യത്തോടെ തന്നെ ഉയര്‍ത്തി അവരുടെ രാഷ്ട്രീയ മുഖമായ ബി ജെ പിയ്ക്ക് അനുകൂലമായി ധ്രുവീകരണമുണ്ടാക്കണമെന്ന് ആര്‍ എസ് എസ് കരുതുന്നു. അതായത്, സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പറന്നു നടക്കുന്ന മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുതെന്ന ആഹ്വാനം അങ്ങനെ വെറുതെ ഇവിടെ കാതോട് കാതോരം പറഞ്ഞ് ഉണ്ടായതല്ല എന്നര്‍ത്ഥം. പരമോന്നത നയരൂപീകരണ ശാലയില്‍ തയ്യാറാക്കിയെടുത്തതു തന്നെയാണത്.

അതിനു പിറകെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ് വരുന്നത്. തീര്‍ച്ചയായും സ്വാഗതാര്‍ഹമായ ഒന്ന്. പക്ഷേ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന പലരും ഇപ്പോള്‍ അതിനെച്ചൊല്ലി കാണിക്കുന്ന ആവേശവും ആശ്വാസവും കാണിക്കാന്‍ മാത്രം ശക്തി അതിനുണ്ടോ എന്ന് ചോദിച്ചാല്‍ സംശയമാണ്. മതവും വര്‍ഗീയതയുമൊക്കെ ജനങ്ങളെ ഭിന്നിപ്പിക്കാനും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായും ഒക്കെ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നിയമങ്ങള്‍ എന്നും നില നിന്നിട്ടുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ ആ നിയമങ്ങള്‍ക്ക് നടുവിലൂടെയാണ് ഹിന്ദുത്വ ശക്തികള്‍ അതേ നിയമങ്ങളുണ്ടാക്കിയ പാര്‍ലമെന്റിലേക്ക് മത വിശ്വാസത്തിന്റെ ലേബലൊട്ടിച്ച രഥമുരുട്ടിയത്. ഒരു നിയമത്തിനും ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല. എതിര്‍പ്പുകളെയും നിയമതടസ്സങ്ങളെയുമൊക്കെ പരസ്പരവൈരം ആളിക്കത്തിക്കാനുള്ള ഇന്ധനമായാണ് എ്ന്നുമവര്‍ കണ്ടിട്ടുള്ളത്. അതേ രഥങ്ങള്‍ രൂപകല്പന ചെയ്ത വര്‍ക്ക്‌ഷോപ്പില്‍ തയ്യാറാക്കിയ ശബരിമലയുടെ മിനിയേച്ചര്‍ കേരളത്തില്‍ പുറത്തെടുക്കാതിരിക്കുമെന്ന് എങ്ങനെ വിശ്വസിക്കും. അങ്ങനെ വന്നാല്‍ ആ ഉത്തരേന്ത്യന്‍ വര്‍ക്ക്‌ഷോപ്പ് ആശയം ഇവിടെയും വിജയിക്കുമോ അതോ അങ്ങോട്ട് പോകുന്ന വോട്ടുകള്‍ കൈക്കലാക്കണമെന്ന ധാരണയില്‍ കോണ്‍ഗ്രസ് ഒരുക്കിയ വിശ്വാസ സംരക്ഷണ രാഷ്ട്രീയം വിജയിക്കുമോ, ഇതിനൊക്കെയപ്പുറം കേരളത്തെ പിറകിലേക്ക് നടത്തില്ലെന്ന് ഉറച്ചു നിന്ന് പ്രഖ്യാപിച്ച ഇടതുപക്ഷം വിജയിക്കുമോ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പിന് ശേഷവും പൊതു തെരഞ്ഞെടുപ്പിലൂടെ കേരളം കണ്ടെത്തേണ്ട ഉത്തരങ്ങളില്‍ ഇതു കൂടിയുണ്ടാവുമെന്നാണ് നാളിതുവരെയുള്ള ആര്‍ എസ് എസ് പ്രവര്‍ത്തന പദ്ധതികള്‍ നിരീക്ഷിച്ചാല്‍ മനസ്സിലാവുക.

അതിനുള്ള മറുമരുന്ന് ഒരിക്കലും തെരഞ്ഞെടുപ്പ് കമ്മീഷനും അവരുടെ മുന്നറിയിപ്പും ഉത്തരവും ഒന്നുമല്ല. ആ മറുമരുന്നിന്റെ പേരിന് മൂന്നക്ഷരമേയുള്ളൂ. കേരളമെന്നാണ് ആ മരുന്നിന്റെ പേര്. നിപയും പ്രളയവുമൊക്കെ മറികടന്ന് മുന്നോട്ടു നടന്ന അതേ കേരളം. ഉത്തരേന്ത്യന്‍ പരീക്ഷണങ്ങളും രഥപ്രയാണങ്ങളും അവിടെ വിജയിച്ചപ്പോള്‍ പാലക്കാട് ചുരത്തിനിപ്പുറത്തേയ്ക്ക് അതിന്റെ രോഗലക്ഷണങ്ങള്‍ കടത്തിവിടാതെ പ്രതിരോധിച്ച കേരളത്തിന് ഇത്തവണയും അതിനാവുമോ. പതിനേഴാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് കേരളമെന്ന പ്രതിരോധമരുന്നിന്റെ ശേഷി പരിശോധിക്കുന്ന ടെസ്റ്റ് കൂടിയാവുകയാണ്.

Exit mobile version