അടുത്ത സിദ്ധാന്തം എന്തായിരിക്കും? പശു മാരുതി കാറും തരുമെന്നോ?

പ്ലൂട്ടോണിയവും ഓക്‌സിജനുമൊക്കെ കണ്ടെത്തിയവര്‍ക്ക് അതിനും വലിയ വിഷമമൊന്നുമില്ലല്ലോ

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ആഗോള തലത്തിൽ മറ്റ് സാമ്പത്തിക ശക്തികളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ ഇപ്പോഴും മികച്ച അവസ്ഥയിലാണെന്നാണ് നിർമലാ സീതാരാമൻ പറയുന്നത്. പക്ഷേ ഇതിങ്ങനെ പറഞ്ഞു കൊണ്ടിരിക്കുമ്പോഴും ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള കടുത്തതും തലതിരിഞ്ഞതുമായ നടപടികൾ സർക്കാർ സ്വീകരിച്ചു കൊണ്ടേയിരിക്കുന്നുമുണ്ട്. റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരം പോലും എടുത്തുപയോഗിക്കാൻ സർക്കാർ തീരുമാനിച്ചു കഴിഞ്ഞു. ഒരു പ്രതിസന്ധിയുമില്ലാത്ത രാജ്യത്തെന്തിനാണ് റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരം പോലും എടുത്തുപയോഗിക്കാൻ സർക്കാർ തീരുമാനിക്കുന്നത്?

അതിനർത്ഥം സർക്കാർ പുറമേയ്ക്ക് പറയുന്നപോലെയൊന്നുമല്ല കാര്യങ്ങൾ എന്നു തന്നെയാണ്. മാത്രമല്ല, ഏതെങ്കിലും മേഖലയിലുള്ളവർ സഹായം വേണമെന്ന് ആവശ്യപ്പെട്ടാൽ അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറാണെന്നും ഇതേ ധനാര്യമന്ത്രി തന്നെ പറയുന്നു. അതായത് ഏതൊക്കെയോ മേഖലകളിൽ പ്രശ്നങ്ങളുണ്ടെന്ന് സർക്കാർ തന്നെ അംഗീകരിക്കുന്നുണ്ട്. പക്ഷേ ആ പ്രശ്നങ്ങളെ ആകെ ചേർത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന പേരിട്ട് വിളിക്കാൻ സർക്കാർ തയ്യാറല്ലെന്ന് മാത്രം. അത് ചെയ്യാൻ ഒരു സർക്കാരും തയ്യാറാവുകയുമില്ല. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സമ്മതിക്കുന്നത് സർക്കാർ വൻ പരാജയമാണെന്ന് സമ്മതിക്കുന്നതിന് തുല്യമാണ്. എന്നിരുന്നാലും സർക്കാർ ആഗ്രഹിച്ചില്ലെങ്കിലും സത്യം ഇതുപോലെ ഇടയ്ക്കിടെ അവരുടെ തന്നെ വാക്കുകളിലൂടെ പറത്തു വരികയും ചെയ്യും. ഇതുപോലുള്ള വലിയ പ്രതിസന്ധികളെ സർക്കാർ എത്ര ആഗ്രഹിച്ചാലും ഒരു പരിധിക്കപ്പുറം മറച്ചുപിടിക്കാനാവില്ല.

ഒരു പ്രതിസന്ധിയുമില്ലെന്ന് ധനകാര്യമന്ത്രി പറയുമ്പോഴും നമ്മുടെ രാജ്യത്തെ വ്യവസായങ്ങൾ ഒന്നിനു പിറകെ ഒന്നായി പ്രതിസന്ധിയിലേക്ക് മൂക്കുകുത്തി വീഴുകയാണ്. കാർ വ്യവസായ രംഗത്തു നിന്നാണ് ഈ പ്രതിസന്ധിയുടെ കഥകൾ ആദ്യം പുറത്തു വന്നത്. കാർ വിപണിയിൽ വൻ ഇടിവ് അനുഭവപ്പെടുന്നുവെന്നും അതിനു പിറകെ കാർ കമ്പനികളിലെ ഉൽപാദനം വൻതോതിൽ കുറയ്ക്കുന്നുവെന്നുമൊക്കെ ആദ്യം വാർത്തകൾ വന്നു. പിറകെ അതിന്റെ അനുബന്ധ വ്യസായങ്ങൾ ഓരോന്നായി തളരുന്നതിന്റെയും മറ്റ് വ്യവസായങ്ങളും സമാന അവസ്ഥ നേരിടുന്നതിന്റെയുമൊക്കെ ചിത്രങ്ങൾ പുറത്തു വന്നു. ഏറ്റവും ഒടുവിലിതാ രാജ്യത്തെ ഏറ്റവും വലിയ കാറുൽപാദകരായ മാരുതി സുസുക്കി രണ്ടു ദിവസത്തേക്ക് ഉൽപാദനം നിർത്തിവെച്ചതായി പ്രഖ്യാപിച്ചിരിക്കുന്നു.

ഹരിയാനയിലെ മനേസർ, ഗുഡ്ഗാവ് പ്ലാന്റുകളിലെ നിർമ്മാണമാണ് രണ്ടു ദിവസം നിർത്തിവെക്കാൻ മാരുതി സുസുക്കി തീരുമാനിച്ചത്. ഇന്ത്യയിൽ രണ്ടു യാത്രാ വാഹനങ്ങൾ വിപണിയിൽ വിൽക്കുമ്പോൾ അതിൽ ഒന്ന് മാരുതി സുസുക്കി വാഹനമാണെന്നാണ് കണക്ക്. അതായത് അതിനെ മാരുതി സുസുക്കി എന്ന കമ്പനിയുടെ പ്രതലത്തിൽ മാത്രം നിന്നല്ല വായിച്ചെടുക്കേണ്ടത്. ഇന്ത്യയുടെ മൊത്തം യാത്രാ വാഹന വിപണിയുടെ പകുതിയും കയ്യാളുന്ന ഉൽപാദന മേഖല രണ്ടു ദിവസം നിശ്ചലമാവുന്നു എന്നാണതിനർത്ഥം. കാർ വിപണിയിലെ അപ്രമാദിത്വം കൊണ്ടു തന്നെ മാരുതി ഡീലർമാർ വിപണിയിൽ സ്വീകരിച്ചിരുന്ന ‘വേണമെങ്കിൽ വാങ്ങിയാൽ മതി’ മനോഭാവം ഉപഭോക്താക്കൾക്കിടയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. മറ്റു കാർ കമ്പനികൾ ഉപഭോക്താക്കളെ ആകർഷിക്കാൻ പല വാഗ്ദാനങ്ങളും നൽകുമ്പോൾ ഒരു കാർ പെർഫ്യൂം പോലും സൗജന്യമായി നൽകാതെയാണ് മാരുതി കാറുകൾ വിറ്റഴിച്ചിരുന്നത്.

അവിടെ നിന്നും രണ്ടു ദിവസത്തെ ഉല്പാദനം നിർത്തേണ്ട അവസ്ഥയിലേക്ക് കാർ ഭീമൻ എത്തിയെങ്കിൽ അത് വെളിവാക്കുന്നത് ഇപ്പോഴത്തെ പ്രതിസന്ധിയുടെ ആഴം തന്നെയാണ്. കാറുകൾ വാങ്ങാൻ ആളില്ലാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം കമ്പനിയുടെ വിൽപന 32.7 ശതമാനം ഇടിവ് നേരിട്ടിരുന്നു. 2018 ആഗസ്റ്റിൽ 1,47,700 കാറുകൾ വിറ്റിരുന്നു. എന്നാൽ 2019 ആഗസ്റ്റിൽ 97,061 കാറുകൾ മാത്രമാണ് വിൽക്കാനായത്. ഇതേതുടർന്ന് മൂന്നിൽ ഒന്നായി ഉൽപാദനം ചുരുക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ഉല്പാദനം തന്നെ രണ്ടു ദിവസത്തേക്ക് പൂർണമായി നിർത്തിവെച്ചത്. വിൽപനയിൽ തിരിച്ചടിയുണ്ടായപ്പോൾ തന്നെ 3000 കരാർ ജോലിക്കാരെ ഒഴിവാക്കാൻ മാരുതി സുസുക്കി തീരുമാനിച്ചിരുന്നു. അപ്പോൾ ഉല്പാദനം നിർത്തേണ്ട അവസ്ഥയിലേക്കെത്തുമ്പോൾ എന്താണ് സംഭവിക്കുകയെന്ന് പറയേണ്ടതില്ലല്ലോ.

ഈ പ്രതിസന്ധി പുറത്തു വരുന്നതിനു മുൻപു തന്നെ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന അവസ്ഥയിലാണെന്ന് കണക്കുകൾ പുറത്തു വന്നിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധിയിലൂടെ നിലവിലുള്ള തൊഴിലുകൾ കൂടി ഇല്ലാതാവുമ്പോൾ ഈ രാജ്യം അതെങ്ങനെ ഉൾക്കൊള്ളുമെന്നതാണ് വിഷയം. മാരുതി സുസുക്കിയുടെ മാത്രമല്ല, മറ്റ് കാർ കമ്പനികളുടെയും സ്ഥിതി സമാനമാണ്. വാഹന വിപണിയിലെ ഈ പ്രതിസന്ധി അവിടം കൊണ്ട് മാത്രം നിൽക്കില്ല. അതിന്റെ അനുബന്ധ വ്യവസായങ്ങൾ, അസംസ്‌കൃത വസ്തുക്കൾ ഉല്പാദിപ്പിക്കുന്ന വ്യവസായ മേഖലകൾ എന്നിവയൊക്കെ പ്രതിസന്ധിയിലാവും. അതിന്റെ ചിത്രങ്ങൾ ഓഹരി വിപണയിൽ കാണുന്നുമുണ്ട്. മാരുതി സുസുക്കി പോലെയുള്ള വാഹന നിർമാണ് കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലായതു പോലെത്തന്നെ രാജ്യത്തെ പ്രധാന സ്റ്റീൽ കമ്പനിയായ ടാറ്റ സ്റ്റീലിന്റെ ഓഹരിയും നഷ്ടത്തിലാണ്. വാഹനം ഉല്പാദിപ്പിക്കുന്നില്ലെങ്കിൽ അതിനുള്ള സ്റ്റീലും വേണ്ടല്ലോ.

മാരുതി സുസുക്കി ഇപ്പോൾ ഉല്പാദനം നിർത്തിവെക്കുന്നതായി പ്രഖ്യാപിച്ച പ്ലാന്റുകളുടെ പരിസര പ്രദേശങ്ങളിൽ അവർ ഉല്പാദനം കുറച്ചപ്പോൾ തന്നെ ജീവിത സാഹചര്യങ്ങൾ തകിടം മറിഞ്ഞതായി റിപ്പോർട്ടകൾ വന്നിട്ടുണ്ട്. നിരവധിയാളുകളുടെ തൊഴിൽ ഇല്ലാതായി. ഉള്ളവരുടെ തൊഴിൽ സമയവും അതുവഴി പ്രതിഫലവും കുറഞ്ഞു. അവരുടെ വാങ്ങൽ ശേഷി കുറഞ്ഞത് സമീപ പ്രദേശങ്ങളിലെ കച്ചവടം, ടാക്സി വാഹന സർവീസുകൾ എല്ലാറ്റിനെയും ബാധിച്ചു. കാറുകൾ കൊണ്ടു പോകുന്ന ലോഗിസ്റ്റിക്സ് സർവീസുകൾക്ക് പണി കുറഞ്ഞത് അവിടത്തെ തൊഴിലാളികളെയും അനുബന്ധ തൊഴിലാളികളെയും ബാധിച്ചു. ഇതൊരു ശൃംഖലയാണല്ലോ.

ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ഒരു പദ്ധതിയും കേന്ദ്ര സർക്കാരിനു മുന്നിലില്ല എന്നതാണ് യാഥാർത്ഥ്യം. പൊതു ഖജനാവിലെ പണം സ്വകാര്യ മേഖലയിലേക്ക് പമ്പ് ചെയ്തു കൊണ്ട് പ്രതിസന്ധി മറികടക്കാമെന്ന ധാരണ തെറ്റാണെന്ന് നേരത്തെ അമേരിക്കയിലും അതുവഴി ലോകത്താകമാനവുമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ (സബ് പ്രൈം ക്രൈസിസ്) കാലത്ത് തെളിഞ്ഞിട്ടുള്ളതാണ്. പൊതു മേഖലയെ ശക്തിപ്പെടുത്തുകയാണ് ഏകവഴിയെന്ന് അന്ന് വലതു പക്ഷ സാമ്പത്തിക വിദഗ്ധരടക്കം വിലയിരുത്തിയതുമാണ്. പക്ഷേ തുടർന്നും തലതിരിഞ്ഞ നയം നടപ്പാക്കിയതിന്റെ ബാക്കിയാണ് ഇപ്പോൾ അനുഭവിക്കുന്നത്.

ഇത് മറികടക്കാൻ കേന്ദ്ര സർക്കാരിന്റെ മുന്നിലുള്ളതും അവർ പ്രയോഗിച്ചു കൊണ്ടിരിക്കുന്നതുമായ ഏക രാഷ്ട്രീയ വഴി ഇതിനെക്കുറിച്ചുള്ള ചർച്ചകൾ ഉയരാതെ മറ്റു വൈകാരിക വിഷയങ്ങൾ ജനങ്ങൾക്കു മുന്നിലേക്കിട്ടു കൊടുത്ത് ചർച്ചകൾ വഴി തിരിച്ചു വിടുകയെന്നതാണ്. അതിനു വേണ്ടി കാശ്മീർ വരും, സെലക്ടീവ് ഭീകരവാദം വരും, സെലക്ടീവ് അഴിമതി വിരുദ്ധതയും അറസ്റ്റും വരും, അങ്ങനെ പലതും വരും. ഒരു പക്ഷേ അതുകൊണ്ടൊക്കെ എത്രകാലം മനുഷ്യരുടെ കണ്ണുമൂടിക്കെട്ടാനാവുമെന്നതിന്റെ പാഠശാലയായിപ്പോലും നമ്മുടെ രാജ്യം മാറിയെന്നു വരാം.

ഇലക്ട്രിക് കാറുകൾ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നടപടി കണക്കിലെടുത്ത് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നതു കൊണ്ടാണ് ജനങ്ങൾ കാർ വാങ്ങൽ നിർത്തിയിരിക്കുന്നതെന്നും സാമ്പത്തിക പ്രതിസന്ധിയല്ലെന്നുമുള്ള പുതിയ സിദ്ധാന്തം ഇറങ്ങിയിട്ടുണ്ട്. അടുത്ത സിദ്ധാന്തം എന്തായിരിക്കുമെന്ന് ആലോചിക്കുന്നതു പോലു രസകരമാണ്. അത് ഒരുപക്ഷേ മാരുതി സുസുക്കി ഉല്പാദനം നിർത്തിയാലും സാരമില്ല, പശുക്കൾക്ക് മാരുതി കാർ നിർമിച്ചു തരാനുള്ള കഴിവുണ്ടെന്ന് പോലുമാവാം. പശുവിൽ നിന്ന് പ്ലൂട്ടോണിയവും ഓക്സിജനുമൊക്കെ കണ്ടെത്തിയവർക്ക് അതിനും വലിയ വിഷമമൊന്നുമില്ലല്ലോ.

Exit mobile version