നിലപാട് കടുപ്പിച്ച് ഇറാന്‍; പിടിച്ചെടുത്ത ബ്രീട്ടീഷ് കപ്പലില്‍ ഇറാന്‍ പതാക ഉയര്‍ത്തി; വീഡിയോ പുറത്ത്

ലണ്ടന്‍: പിടിച്ചെടുത്ത ബ്രിട്ടീഷ് രജിസ്റ്റേര്‍ഡ് എണ്ണക്കപ്പലില്‍ സ്വന്തം പതാക ഉയര്‍ത്തി പ്രകോപനം തുടര്‍ന്ന് ഇറാന്‍. ഇറാനിയന്‍ ചാനല്‍ പുറത്തുവിട്ട വീഡിയോയിലാണ് ബ്രിട്ടന്റെ പതാകയ്ക്ക് പകരം ഇറാന്‍ പതാക ഉയര്‍ത്തുന്ന ദൃശ്യങ്ങള്‍ വ്യക്തമാകുന്നത്. ഇറാന്റെ തെക്കേ തീരത്തെ ബന്‍ദര്‍ അബ്ബാസ് തുറമുഖത്താണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. കപ്പലില്‍ ഇറാന്‍ പട്ടാളക്കാരുമുണ്ടെന്നാണ് വിവരം.

അതേസമയം, ഒമാന്‍ തീരത്തായിരുന്ന കപ്പലിനെ ഇറാന്‍ അനധികൃതമായി കടത്തി കൊണ്ടുപോവുകയായിരുന്നെന്നാണ് ബ്രിട്ടന്റെ വിശദീകരണം.

മലയാളികള്‍ ഉള്‍പ്പടെയുള്ള 23 ജീവനക്കാരുമായി പോയ യുകെയുടെ സ്റ്റെന ഇംപെരോ എന്ന കപ്പലാണ് വെള്ളിയാഴ്ച ഇറാന്‍ പിടിച്ചെടുത്തത്. ഇറാനിയന്‍ ബോട്ടുമായി കൂട്ടിയിടിച്ച കപ്പല്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് മുന്നോട്ട് പോയതുകൊണ്ട് പിടിച്ചെടുത്തതെന്നാണ് ഇറാന്റെ വിശദീകരണം.

ഇതിനിടെ, കപ്പലിന്റെ മോചനത്തിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കി. പ്രശ്ന പരിഹാരത്തിന് പ്രധാനമന്ത്രി തെരേസ മേയ് ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്.

ഇതിനിടെ, ആശങ്ക അറിയിച്ചതിനെ തുടര്‍ന്ന്, ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നേരത്തെ തുടങ്ങിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.

Exit mobile version