കനത്ത മഴ; നേപ്പാളിലും പ്രളയം, കാഠ്മണ്ഡു വെള്ളത്തിനടിയില്‍, ഇതുവരെ പൊലിഞ്ഞത് 34 ജീവനുകള്‍, 24 പേരെ കാണാതായി

പലയിടങ്ങളിലും മണ്ണിടിച്ചല്‍ സംഭവിച്ചിട്ടുണ്ട്. ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു.

കാഠ്മണ്ഡു: നേപ്പാളിലും മഴ ശക്തിപ്രാപിക്കുകയാണ്. തലസ്ഥാനമായ കാഠ്മണ്ഡു പൂര്‍ണ്ണമായും വെള്ളത്തിനടിയില്‍ ആവുകയാണ്. ഇതുവരെ 34 പേരാണ് മരിച്ചത്. 20ഓളം പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം 20 പേരെ കാണാതായിട്ടുണ്ടെന്ന് നേപ്പാള്‍ പോലീസ് നല്‍കുന്ന വിവരം. പലയിടങ്ങളിലും മണ്ണിടിച്ചല്‍ സംഭവിച്ചിട്ടുണ്ട്. ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു.

നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനമായ ബിഹാറിലെ ആറ് ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ബിഹാറില്‍ നിരവധി ജനങ്ങളെ സുരക്ഷിത പ്രദേശത്തേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. ഇതിനു പുറമെ ആസാമിലും കാലവര്‍ഷം ശക്തിപ്രാപിക്കുകയാണ്. പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍ ആണ്. ഇവിടെ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം തേടിയിട്ടുണ്ട്.

പ്രളയത്തില്‍ ഇതുവരെ ഏഴ് പേരാണ് മരിച്ചത്. ലോകത്തെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ കാസിരംഗ ദേശീയ പാര്‍ക്കിന്റെ 70 ശതമാനവും പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ്. 20 ലക്ഷം പേരെ ബാധിച്ച പ്രളയത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതലയോഗം വിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നേപ്പാളും വെള്ളത്തിനടിയില്‍ ആകുന്നത്.

Exit mobile version