നേപ്പാള്‍ വിമാന ദുരന്തം : മൃതദേഹങ്ങള്‍ കണ്ടെത്തി

കഠ്മണ്ഡു : നേപ്പാളില്‍ നാല് ഇന്ത്യക്കാരുള്‍പ്പടെ 22 പേരുമായി കാണാതായ ടാര വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. യാത്രക്കാരില്‍ ചിലരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ പലതും തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്.

ഇന്നലെ രാവിലെ വിമാനം അപ്രത്യക്ഷമായതിന് പിന്നാലെ തിരച്ചിലിന് പോയ ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥ കാരണം തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിയിരുന്നു. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഞായറാഴ്ച രാത്രി നിര്‍ത്തി വെച്ച രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെ പുനരാരംഭിച്ചപ്പോഴാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മേഖലയില്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്.

പോഖ്‌റ-ജോംസോ വ്യോമപാതയില്‍ ഘോറെപാനിക്ക് മുകളില്‍ വെച്ചാണ് വിമാനത്തിന് കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് വ്യോമയാന വൃത്തങ്ങള്‍ അറിയിച്ചു. ജോംസണിലെ ഘാസയില്‍ നടുക്കുന്ന ശബ്ദം കേട്ടതായി ഇന്നലെ തന്നെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവിടെ തന്നെയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയത്.

ഇന്നലെ രാവിലെ 9.50നാണ് വിമാനത്തില്‍ നിന്നുള്ള അവസാന സന്ദേശം ലഭിച്ചത്. ഇതിന് ശേഷം വിമാനത്തിന് കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ടാര എയര്‍ലൈന്‍ലിന്റെ ഇരട്ട എന്‍ജിനുള്ള 9എന്‍-എഇടി വിമാനമാണ് തകര്‍ന്നത്. മുംബൈ താനെ സ്വദേശികളായ അശോക് കുമാര്‍ ത്രിപാഠി, ഭാര്യ വൈഭവി ഖണ്ഡേക്കര്‍, മക്കള്‍ ധനുഷ്, ഋതിക എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാര്‍. ഇവരെ കൂടാതെ 2 ജര്‍മന്‍കാരും, 3 ജീവനക്കാരുള്‍പ്പടെ 16 നേപ്പാള്‍ സ്വദേശികളും വിമാനത്തിലുണ്ടായിരുന്നു.

Exit mobile version