മൂന്ന് പതിറ്റാണ്ട് നീണ്ട തിമിംഗല വേട്ട നിരോധനത്തിന് അവസാനം; 27 അടി നീളമുള്ള തിമിംഗലത്തെ കരയ്‌ക്കെത്തിച്ച് ജപ്പാന്‍; വിമര്‍ശിച്ച് ലോകം

മണിക്കൂറുകള്‍ക്കുള്ളില്‍ 27 അടി അഥവാ ഏകദേശം 8.3 മീറ്റര്‍ നീളമുള്ള തിമിംഗലത്തേയും കൊണ്ട് കപ്പല്‍ കരയ്ക്ക് എത്തുകയായിരുന്നു.

കുഷിരോ: മൂന്ന് പതിറ്റാണ്ട് കാലം നീണ്ട തിമിംഗല വേട്ട നിരോധനം നീക്കിയതിനു പിന്നാലെ വമ്പന്‍ തിമിംഗലത്തെ വലയിലാക്കി ജപ്പാനില്‍ ആഘോഷം. വേട്ടയാടുന്നതിനുള്ള നിരോധനം പിന്‍വലിച്ചതിനു പിന്നാലെ വടക്കന്‍ ജപ്പാനിലെ കുഷിരോ പട്ടണത്തില്‍ നിന്നും കടലില്‍ പോയ അഞ്ചു കപ്പലുകളില്‍ ഒന്നാണ് വേട്ടയുടെ ആദ്യദിനം തന്നെ ഗംഭീര നേട്ടമുണ്ടാക്കിയത്. കടലില്‍ പോയി മണിക്കൂറുകള്‍ക്കുള്ളില്‍ 27 അടി അഥവാ ഏകദേശം 8.3 മീറ്റര്‍ നീളമുള്ള തിമിംഗലത്തേയും കൊണ്ട് കപ്പല്‍ കരയ്ക്ക് എത്തുകയായിരുന്നു.

ഈ ദിവസം ഏറ്റവും മികച്ച ദിവസമായിരുന്നെന്ന് തിമിംഗലത്തെ നിരീക്ഷിച്ച് കൊണ്ട് ജപ്പാന്‍ സ്‌മോള്‍-വെയ്‌ലിങ് അസോസിയേഷന്‍ തലവന്‍ യോഷിഫുമി കായ് പറഞ്ഞു. 31 വര്‍ഷത്തെ കാത്തിരിപ്പ് വെറുതെയായില്ലെന്നും നല്ലൊരു തിമിംഗലത്തെ തന്നെ പിടിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മീനിനെ കരയ്‌ക്കെത്തിക്കും മുമ്പ് തന്നെ വയറുകീറി രക്തം കടലില്‍ ഒഴുക്കി കളഞ്ഞിരുന്നു. മീന്‍ ദീര്‍ഘനേരം കേടുവരാതെ സൂക്ഷിക്കാന്‍ വേണ്ടിയാണ് ഈ രീതി മീന്‍പിടുത്തക്കാര്‍ തുടരുന്നത്.

തിമിംഗലത്തെ കരയ്‌ക്കെത്തിച്ചതോടെ കരയിലും ആഘോഷം അണപൊട്ടി. മീന്‍പിടുത്ത തൊഴിലാളികള്‍ പരമ്പരാഗത ജപ്പാനീസ് മദ്യം മീനിന് മുകളിലേക്ക് വര്‍ഷിച്ചാണ് പരമ്പരാഗത ചടങ്ങുകളോടെ ആഘോഷം ആരംഭിച്ചിരിക്കുന്നത്.

അതേസമയം, തിമിംഗല വേട്ട പുനരാരംഭിച്ചതിന്റെ പേരില്‍ ജപ്പാനെ കുറ്റപ്പെടുത്തുകയാണ് മറ്റുള്ള ലോകരാജ്യങ്ങള്‍. ആക്ടിവിസ്റ്റുകളും തിമിംഗല വേട്ട നിരോധിച്ച രാജ്യങ്ങളും ജപ്പാന്റെ നീക്കത്തിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version