ടെങ്കിസ് എണ്ണപ്പാടത്ത് സംഘര്‍ഷം: കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളുള്‍പ്പടെ 150 ഓളം ഇന്ത്യക്കാര്‍; ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

ന്യൂഡല്‍ഹി: കസാഖിസ്ഥാനിലെ എറ്റവും വലിയ എണ്ണപ്പാടമായ ടെങ്കിസ് എണ്ണപ്പാടത്തെ സംഘര്‍ഷത്തില്‍ മലയാളികളുള്‍പ്പടെ നിരവധിപേര്‍ കുടുങ്ങി. ടെങ്കിസ് എണ്ണപ്പാടത്ത് തദ്ദേശീയര്‍ ഉള്‍പ്പെട്ട സംഘര്‍ഷത്തെ തുടര്‍ന്നാണ് 150 ഓളം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നത് എന്നാണ് വിവരം. ഇതില്‍ 70ഓളം പേര്‍ മലയാളികള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ, കസാഖിസ്താനിലെ എണ്ണപ്പാടത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വീറ്റ് ചെയ്തു. വിവരം എംബസിയെ അറിയിച്ചിട്ടുണ്ടെന്നും വേണ്ട സഹായം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘര്‍ഷത്തില്‍ ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷമുണ്ടായ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് എത്രയും വേഗം അവശ്യമായ സഹായങ്ങള്‍ നല്‍കണമെന്ന് കസാഖിസ്ഥാനിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.

ലബനീസ് തൊഴിലാളി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രത്തെച്ചൊല്ലി ശനിയാഴ്ച രാവിലെ മുതലാണ് സംഘര്‍ഷം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ലബനീസ് തൊഴിലാളിയായ യുവാവ് കസാഖിസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിക്കൊപ്പമുള്ള ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. തങ്ങളുടെ രാജ്യത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് തദ്ദേശീയര്‍ വിദേശികളെ ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

തദ്ദേശീയര്‍ തൊഴിലാളികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അക്രമത്തില്‍ ചില തൊഴിലാളികള്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. ഖനി മേഖലയായതിനാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഖനി മേഖലയില്‍ 70 മലയാളികള്‍ ഉണ്ടെന്ന് ഒരു മലയാളി യുവാവാണ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

അതേസമയം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നെന്ന വിവരം ലഭിച്ചതിന് പിന്നാലെ നോര്‍ക്ക റൂട്ട്‌സ് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണിത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് എംബസിയോട് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ അടിയന്തരമായി ലഭ്യമാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Exit mobile version