ന്യൂസിലാന്‍ഡ് വെടിവെയ്പ്പിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; നാല്‍പ്പത്തിനാലുകാരന് തടവുശിക്ഷ

മുപ്പതിലധികം പേര്‍ക്കാണ് വെടിവെയ്പ്പിന്റെ ദൃശ്യങ്ങള്‍ ഫിലിപ്പ് അയച്ച് കൊടുത്തത്

വെല്ലിങ്ടണ്‍: ലോകത്തെ ഞെട്ടിച്ച ന്യൂസിലാന്‍ഡ് വെടിവെയ്പ്പിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ആള്‍ക്ക് 21 മാസത്തെ തടവുശിക്ഷ വിധിച്ചിരിക്കുകയാണ് ക്രൈസ്റ്റ്ചര്‍ച്ച് കോടതി. നാല്‍പ്പത്തിനാലുകാരനായ ഫിലിപ്പ് ആര്‍പ്‌സിനാണ് പ്രതി. ക്രൈസ്റ്റ് ചര്‍ച്ച് വെടിവെയ്പ്പിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ നിയമവിരുദ്ധമാക്കിയിരുന്നു. രാജ്യത്തെ നിയമപ്രകാരം നിയമവിരുദ്ധമാക്കിയ ദൃശ്യങ്ങള്‍ പങ്കുവെക്കുന്നത് 14 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

മുപ്പതിലധികം പേര്‍ക്കാണ് വെടിവെയ്പ്പിന്റെ ദൃശ്യങ്ങള്‍ ഫിലിപ്പ് അയച്ച് കൊടുത്തത്. കൂട്ടക്കൊലയെ പ്രോത്സാഹിപ്പിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന കുറ്റമാണ് ഫിലിപ്പ് ആര്‍പ്‌സ്‌ന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ജഡ്ജി സ്റ്റീഫന്‍ ഒഡ്രിസ്‌കോള്‍ പ്രസ്താവിച്ചു. വംശീയവും മതപരവുമായ കാരണങ്ങള്‍ കൊണ്ടാണ് ആര്‍പ്‌സ് ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചതെന്നും കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ മാര്‍ച്ച് 15 നാണ് ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് പള്ളിയില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്കിടെ വെടിവെയ്പ്പുണ്ടായത്. ഇസ്ലാം മതത്തോട് വിദ്വേഷമുണ്ടായിരുന്ന ഭീകരവാദി നടത്തിയ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 51 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ഭീകരവാദിയായ ബ്രെണ്ടന്റ് ടാരന്റ് തന്റെ ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവെച്ചിരുന്നു.

Exit mobile version