ഷാങ്ഹായി ഉച്ചകോടിക്കിടെ ലോക നേതാക്കളെ അപമാനിച്ച് ഇമ്രാന്‍ ഖാന്‍; രോഷവുമായി സോഷ്യല്‍മീഡിയ

വിവിധ രാഷ്ട്രതലവന്മാര്‍ വരുമ്പോള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നവര്‍ എഴുന്നേറ്റ് നില്‍ക്കണമെന്നാണ് തുടര്‍ന്നുവരുന്ന രീതി.

ബിഷ്‌കെക്ക്: ഷാങ്ഹായ് ഉച്ചകോടിക്കിടെ ലോക നേതാക്കളെ അപമാനിക്കുന്ന തരത്തില്‍ പെരുമാറി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പ്രോട്ടോക്കോള്‍ ലംഘിച്ചതായാണ് ഇമ്രാനെതിരെ ഉയരുന്ന ആരോപണം. മറ്റ് രാഷ്ട്രനേതാക്കള്‍ എത്തിയ ചടങ്ങില്‍ അവരെ എഴുന്നേറ്റ് നിന്ന് സ്വാഗതം ചെയ്യേണ്ട രീതി ലംഘിച്ചതോടെയാണ് സോഷ്യല്‍മീഡിയയുടെ അടക്കം ചീത്തവിളി പാക് പ്രധാനമന്ത്രിക്ക് കേള്‍ക്കേണ്ടി വന്നത്.

പാകിസ്താന്‍ തെഹ്രിക്-ഇ-ഇന്‍സാഫ്(പിടിഐ) ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ തന്നെയാണ് ഇമ്രാന്‍ ഖാന് തിരിച്ചടിയായത്. ഉച്ചകോടി നടക്കുന്ന വേദിയിലേക്ക് വിവിധ രാഷ്ട്രതലവന്മാര്‍ വരുമ്പോള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നവര്‍ എഴുന്നേറ്റ് നില്‍ക്കണമെന്നാണ് തുടര്‍ന്നുവരുന്ന രീതി. എന്നാല്‍ വേദിയിലെത്തിയ ഇമ്രാന്‍ ഖാന്‍ ഉടന്‍ തന്നെ ഇരിക്കുന്നതായും മറ്റ് നേതാക്കള്‍ കടന്നുവരുമ്പോഴെല്ലാം തന്റെ ഇരിപ്പ് തുടരുന്നതായും വീഡിയോയില്‍ കാണാം. മറ്റ് ലോകനേതാക്കള്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് ഉച്ചകോടിയിലേക്ക് എത്തുന്നവരെ സ്വാഗതം ചെയ്യുമ്പോള്‍ ഇമ്രാന്‍ ഖാന്‍ മാത്രം ഇരുന്നു. ഈ ചടങ്ങില്‍ മോഡിയും ഷി ജിന്‍പിങുമൊക്കെ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നെന്നതും ശ്രദ്ധേയം. ഒടുവില്‍ സംഘാടകര്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇമ്രാന്‍ എഴുന്നേല്‍ക്കാന്‍ തയ്യാറായത്.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വരുമ്പോള്‍ ഇമ്രാന്‍ ഖാന്‍ അവരെ അഭിവാദ്യം ചെയ്ത ശേഷം വീണ്ടും ഇരിപ്പ് തുടരുകയും ചെയ്തു. വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് പാക് പ്രധാനമന്ത്രിക്ക് ഏല്‍ക്കേണ്ടി വരുന്നത്.

Exit mobile version