ഇമ്രാന്‍ ഖാന്റെ ചര്‍ച്ചയ്ക്കുള്ള ക്ഷണം തള്ളി പ്രധാനമന്ത്രി മോഡി; ഹസ്തദാനം നല്‍കാന്‍ പോലും വിസമ്മതിച്ചു

അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നുമുള്ള പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നിര്‍ദേശം തള്ളി മോഡി.

ബിഷ്‌കെക്ക്: ഇന്ത്യ-പാകിസ്താന്‍ ബന്ധം ഏറ്റവും താഴ്ന്ന നിലയിലാണെന്നും അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നുമുള്ള പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നിര്‍ദേശം തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെയാണ് പാക് പ്രധാനമന്ത്രി നിര്‍ദേശം മുന്നോട്ട് വെച്ചത്. ചര്‍ച്ചയാവാമെന്ന ഇമ്രാന്റെ നിര്‍ദേശം അംഗീകരിക്കാത്ത മോഡി ഹസ്തദാനത്തിന് പോലും തയ്യാറിയില്ല. കൂടാതെ, ഭീകരവാദികളെ സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് മോഡി ഉച്ചകോടിയില്‍ ആവശ്യപ്പെടുകയും ചെയ്തു. ഭീകരരെ സഹായിക്കുന്നവരെയും പ്രോത്സാഹനം നല്കുന്നവരെയും ഉത്തരവാദികളായി കാണണം. ഇന്ത്യ ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം എന്ന നിര്‍ദേശം മുന്നോട്ടു വയ്ക്കുന്നുവെന്നും മോഡി പറഞ്ഞു.

ഇന്ത്യ-പാക് യുദ്ധത്തോളം പ്രത്യാഘാതങ്ങളുണ്ടാക്കിയ ബലാക്കോട്ട് മിന്നലാക്രമണത്തിനു ശേഷം ആദ്യമായി ഇമ്രാന്‍ഖാനുമായി വേദി പങ്കിട്ട മോഡി പക്ഷെ പാകിസ്താനോട് മുഖം തിരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇന്നലെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് നല്‍കിയ അത്താഴ വിരുന്നിലും മോഡി ഇമ്രാനെ അവഗണിച്ചു. ഉച്ചകോടിയില്‍ പാകിസ്താന്റെ പേര് പറയാതെ പാക് കേന്ദ്രീകൃത ഭീകരവാദത്തിനെതിരെ മോഡി ആഞ്ഞടിച്ചു.

ഇന്ത്യയുമായുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ചയിലൂടെ തീര്‍ക്കാന്‍ തയ്യാറെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കിനോടാണ് ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചത്. എന്നാല്‍ ഇതിനു തൊട്ടുപിന്നാലെ മോഡി പാകിസ്താനെതിരായി ആഞ്ഞടിക്കുകയായിരുന്നു.

Exit mobile version