മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കണം; ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക യോഗം ഇന്ന്

ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ് എന്നിവ സംയുക്തമായാണ് കഴിഞ്ഞ മാസം മസൂദ് അസറിനെ ഭീകരരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം കൊണ്ടു വന്നത്

ന്യൂയോര്‍ക്ക്: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ചര്‍ച്ച ചെയ്യാനായി ഐക്യരാഷ്ട്ര സഭ ഇന്ന് പ്രത്യേക യോഗം ചേരും. പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ സൈനികരെ വധിച്ചതിന്റെ ഉത്തരവാദിത്വം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു നടപടി. ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ് എന്നിവ സംയുക്തമായാണ് കഴിഞ്ഞ മാസം മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം കൊണ്ടു വന്നത്.

എന്നാല്‍ ഈ വിഷയം തല്‍ക്കാലത്തേക്ക് മാറ്റിവെക്കാന്‍ ചൈന ആവശ്യപ്പെട്ടത് കാരണം പ്രമേയം പാസാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് വിഷയം യുഎന്‍ രക്ഷാ സമിതിക്ക് മുമ്പാകെ എത്തി. രാജ്യാന്തര തലത്തില്‍ സമ്മര്‍ദ്ദം ഏറിയതിനെ തുടര്‍ന്ന് ചൈന വിഷയത്തില്‍ നിലപാട് മയപ്പെടുത്തുമെന്നാണ് കരുതുന്നത്.

അതേസമയം, ഈ പ്രശ്‌നം ശരിയായ മാര്‍ഗത്തിലൂടെ പരിഹരിക്കുമെന്ന് ചൈനീസ് വിദേശ കാര്യ വക്താവ് ഇന്നലെ ബിജീങില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. രക്ഷാ സമിതിയില്‍ ചര്‍ച്ച വന്നാല്‍ എതിര്‍പ്പിന്റെ കാരണം ചൈനക്ക് പരസ്യപ്പെടുത്തേണ്ടി വരും. അതുകൊണ്ട് തന്നെ ചൈന ഈ വിഷയം പ്രത്യേക സമിതിയില്‍ വെച്ച് തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കാനായിരിക്കും ശ്രമിക്കുക.

Exit mobile version