ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ 70 ഭീകരര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സൈന്യം. ഒമ്പത് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും ഭീകരരെ കൊലപ്പെടുത്തിയത്. ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
മസൂദ് അസ്ഹറിന്റെ സഹോദരി ഉള്‍പ്പെടെ 10 കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ചയാളുടെ ഭാര്യാ സഹോദരനും ആക്രമണത്തില്‍ കൊല്ലപ്പെട്ട കുടുംബാംഗങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് പാക് മാധ്യമങ്ങള്‍ പറയുന്നു. അതേസമയം 32 പേരാണ് കൊല്ലപ്പെട്ടതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്ഥാന്‍, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളിലെ ഒമ്പത് ഭീകര ക്യാമ്പുകള്‍ ആക്രമിച്ച് 70 ഭീകരരെ വധിച്ചെന്നാണ് സൈന്യം അറിയിച്ചത്. 24 മിസൈലുകള്‍ പ്രയോഗിക്കാന്‍ ഇന്ത്യയ്ക്ക് 25 മിനിറ്റ് മാത്രമേ വേണ്ടിവന്നുള്ളൂ. മെയ് 7 ന് പുലര്‍ച്ചെ 1:05 മുതല്‍ പുലര്‍ച്ചെ 1:30 വരെ നീണ്ടുനിന്ന ആക്രമണങ്ങള്‍ ഇന്ത്യന്‍ കരസേന, നാവികസേന, വ്യോമസേന എന്നിവ സംയുക്തമായയാണ് നടത്തിയത്.