‘അവന്‍ തെറ്റായ ആളുകളില്‍ നിന്നാണ് ഹദീസുകള്‍ പഠിച്ചത്, അവന്‍ മരിച്ചതില്‍ സന്തോഷമുണ്ട്’; ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെക്കുറിച്ച് സഹോദരി

കൊളംബോയിലെ ഷാന്‍ഗ്രിലാ ഹോട്ടലില്‍ വെച്ചാണ് സഹ്രാന്‍ ഹാഷിം ചാവേറായി പൊട്ടിത്തെറിച്ചത്

കൊളംബോ: ഈസ്റ്റര്‍ ദിനത്തിലാണ് ശ്രീലങ്കയെ ദുരിതത്തിലാക്കിയ ചാവേര്‍ ആക്രമണം നടന്നത്. തീവ്രവാദി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നു സംശയിക്കുന്ന സഹ്രാന്‍ ഹാഷിമി ഹോട്ടലില്‍ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. തന്റെ സഹോദരന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നാണ് സഹ്രാന്‍ ഹാഷിമിന്റെ സഹോദരി മധാനിയ പറയുന്നത്. ‘അവന്‍ തെറ്റായ ആളുകളില്‍ നിന്നാണ് ഹദീസുകള്‍ പഠിച്ചത്. അതുകൊണ്ടാണ് അവന് ദൈവത്തെ നഷ്ടമായത്’ ഒരു ദേശീയ മാധ്യമത്തിനോടാണ് അവര്‍ ഇത്തരത്തില്‍ പറഞ്ഞത്.

‘അവന്‍ തന്റെ പ്രസംഗങ്ങളിലൂടെ വിഷം ചീറ്റാന്‍ തുടങ്ങിയതോടെ 2017 നുശേഷം ഞങ്ങള്‍ പരസ്പരം സംസാരിക്കാറില്ലായിരുന്നു. കൗമാരകാലം തൊട്ടേ അവന്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന ഇസ്ലാമിക പ്രഭാഷകനായിരുന്നു. പക്ഷേ അവന്‍ സര്‍ക്കാറിനും ദേശീയ പതാകയ്ക്കും തെരഞ്ഞെടുപ്പിനും മറ്റു മതങ്ങള്‍ക്കും എതിരെ സംസാരിക്കാന്‍ തുടങ്ങിയതോടെ എനിക്കത് അംഗീകരിക്കാനായില്ല. അവനാണ് ഞങ്ങളുടെ കുടുംബത്തിന് ഈ ദുരന്തം വരുത്തിവെച്ചത്.’ മധാനിയ പറഞ്ഞു.

നാഷണല്‍ തൗഹീദ് ജമാഅത്ത് മസ്ജിദില്‍ വെച്ചാണ് സഹ്രാന്‍ മതതീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നാണ് ഇവരുടെ ആരോപണം. ഇസ്ലാമിനെക്കുറിച്ചുള്ള തന്റെ വ്യാഖ്യാനമാണ് ശരിയെന്ന നിലപാടായിരുന്നു സഹ്രാന്റേത്. മറ്റു മതങ്ങളെയും മോഡറേറ്റ് ഇസ്ലാമിനേയും സൂഫികളേയും അവന്‍ കുറ്റപ്പെടുത്തും. സൂഫികളെ ഡ്രഗ് അഡിക്ടുകളെന്നും പുകവലിക്കാരെന്നും വിളിക്കും. അവന്റെ പോക്ക് അപകടത്തിലേക്കാണെന്ന് തോന്നിയതോടെ എന്റെ ഭര്‍ത്താവ് അവനില്‍ നിന്നും അകന്നു. പോലീസ് അതിനകം തന്നെ അവനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു’ മധാനിയ വിശദീകരിക്കുന്നു.

സ്‌ഫോടനത്തില്‍ കുടുംബം മുഴുവന്‍ തന്നെ വിട്ട് പോയിട്ടുണ്ടാവാമെന്നാണ് അവര്‍ പറയുന്നത്. ലോകത്തിന് നേരെയുള്ള സഹ്രാന്റെ വിദ്വേഷത്തെ ശക്തമായി എതിര്‍ത്തതുകൊണ്ടാവാം താനും ഭര്‍ത്താവ് നിയാസും ബാക്കിയായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആറാം ക്ലാസില്‍ പഠനം നിര്‍ത്തിയ സഹ്രാന് ഇസ്ലാമിക പഠനങ്ങളോടായിരുന്നു താല്‍പര്യം. ഖുറാന്‍ ഓര്‍ക്കാനായി അവന്‍ അറബിയില്‍ ഒരു കോഴ്സ് പൂര്‍ത്തിയാക്കിയിരുന്നു. ഇസ്ലാമിക ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അവന്‍ അതീവ താല്‍പര്യം കാണിച്ചിരുന്നു. കൊളംബോയിലെ ഷാന്‍ഗ്രിലാ ഹോട്ടലില്‍ വെച്ചാണ് സഹ്രാന്‍ ഹാഷിം ചാവേറായി പൊട്ടിത്തെറിച്ചത്.

Exit mobile version