ശ്രീലങ്കയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

കല്‍മുനായിയില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന വീട് പരിശോധിക്കുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് സൈനിക വക്താവ് സുമിത് അട്ടപ്പട്ടു അറിയിച്ചു

കൊളംബോ: ശ്രീലങ്കയില്‍ സൈന്യം ഐഎസ് ഭീകരസംഘടനയുമായി ബന്ധമുള്ള രണ്ട് പേരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. കല്‍മുനായിയില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന വീട് പരിശോധിക്കുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് സൈനിക വക്താവ് സുമിത് അട്ടപ്പട്ടു അറിയിച്ചു. അതേസമയം ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടയില്‍ ഒരു പൗരനും കൊല്ലപ്പെട്ടു.

ശ്രീലങ്കയെ ഈസ്റ്റര്‍ ദിനത്തില്‍ നടുക്കിയ ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യത്ത് സൈനിക നടപടി ശക്തിപ്പെടുത്തിയിരുന്നു. എല്ലാ വീടുകളിലും സൈന്യം പരിശോധന നടത്തുമെന്നും അനധികൃത താമസക്കാരെ കണ്ടെത്തുമെന്നും പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞിരുന്നു.

ഈസ്റ്റര്‍ ദിനത്തിലാണ് ശ്രീലങ്കയെ നടുക്കിയ ചാവേര്‍ ആക്രമണം നടന്നത്. കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലിലുമാണ് സ്‌ഫോടനം ഉണ്ടായത്. ആക്രമണത്തില്‍ 253 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

Exit mobile version