പാകിസ്താന് വന്‍ തിരിച്ചടി നല്‍കി അമേരിക്ക; പാകിസ്താന്‍ പൗരന്മാരുടെ വിസ കാലാവധി വെട്ടിക്കുറച്ചു

അന്താരാഷ്ട്രതലത്തില്‍ തന്നെ പാകിസ്താന് വന്‍ തിരിച്ചടിയാണ് ഈ നീക്കം

വാഷിംഗ്ടണ്‍: പാക് പൗരന്മാര്‍ക്ക് വന്‍ തിരിച്ചടി. പാകിസ്താന്‍ പൗരന്‍മാര്‍ക്കുള്ള വിസാ കാലാവധി വെട്ടിക്കുറച്ച് അമേരിക്ക. അഞ്ച് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായാണ് പാക് പൗരന്‍മാരുടെ വിസ കാലാവധി അമേരിക്ക വെട്ടിക്കുറച്ചത്. അന്താരാഷ്ട്രതലത്തില്‍ തന്നെ പാകിസ്താന് വന്‍ തിരിച്ചടിയാണ് ഈ നീക്കം.

പാക് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിസാ കാലാവധിയും അമേരിക്ക വെട്ടിക്കുറച്ചിട്ടുണ്ട്. മൂന്ന് മാസം മാത്രമേ ഇനി മാധ്യമപ്രവര്‍ത്തകര്‍ക്ക് വിസ അനുവദിക്കൂ. അതിന് ശേഷം വീണ്ടും വിസ പുതുക്കണം.

വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ക്കുള്ള ഫീസും കുത്തനെ കൂട്ടിയിട്ടുണ്ട്. ഐ വിസ (ജേണലിസ്റ്റ് & മീഡിയ), എച്ച് വിസ (താല്‍ക്കാലിക വര്‍ക്ക്), എല്‍ വിസ (ഇന്റര്‍കമ്പനി വര്‍ക്ക്), ആര്‍ വിസ (മതപ്രചാരകര്‍ക്കുള്ള) എന്നിവയ്ക്കാണ് അപേക്ഷാ ഫീസ് കുത്തനെ കൂട്ടിയത്.

അതേസമയം, ജനുവരി 21 വരെ നല്‍കിയ വിസാ അപേക്ഷകളില്‍ അംഗീകരിക്കപ്പെട്ടവരെല്ലാം, അധിക ഫീസ് അടയ്ക്കേണ്ടി വരും. ഐ വിസയ്ക്ക് 32 ഡോളറും, മറ്റ് വിസകള്‍ക്ക് 38 ഡോളറുമാണ് അടയ്ക്കേണ്ടത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് വിസ അപേക്ഷിക്കാനുള്ള തുക 192ഡോളറായി ഉയര്‍ന്നു. മറ്റെല്ലാ വിഭാഗത്തിലുള്ള വിസകള്‍ക്കും അപേക്ഷിക്കാന്‍ 198ഡോളറാണ് നല്‍കേണ്ടത്.

അമേരിക്കന്‍ പൗരന്‍മാര്‍ക്കുള്ള വിസാ കാലാവധി നേരത്തേ പാകിസ്താന്‍ വെട്ടിക്കുറച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പാക് വിസകള്‍ക്കും സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചത്.

Exit mobile version