മസൂദ് അസറിന്റെ സഹോദരന്‍ പാകിസ്താന്റെ പിടിയില്‍; തീവ്രവാദത്തിന് എതിരായ ശക്തമായ നടപടിയെന്ന് വാദം

ഇസ്ലാമാബാദ്: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരന്‍ മുഫ്തി അബ്ദുള്‍ റൗഫ് അസറിനെ പാകിസ്താന്‍ കസ്റ്റഡിയിലെടുത്തു. റൗഫ് അസര്‍ ഉള്‍പ്പടെ നിരോധിത സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന 44 പേരെയാണ് പാകിസ്താന്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കരുതല്‍ തടങ്കലിലാണ് റൗഫ് അസറെന്ന് പാകിസ്താന്‍ കേന്ദ്രമന്ത്രി ഷഹര്യാര്‍ അഫ്രിദി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യാന്തര സമൂഹത്തിന് മുന്നില്‍ തീവ്രവാദത്തിനെതിരെ പാകിസ്താന്‍ ശക്തമായ നടപടികളെടുക്കുന്നുണ്ടെന്ന് തെളിയിക്കുന്നതിന്റെ ഭാഗമായാണ് ഈ ചുവടുവെയ്പ്പ്. അതേസമയം, ഇപ്പോള്‍ കസ്റ്റഡിയിലെടുത്തവര്‍ക്ക് എതിരെ തെളിവുകള്‍ ഹാജരാക്കാനായില്ലെങ്കില്‍ ഇവരെ വിട്ടയയ്ക്കുമെന്ന് പാക് ആഭ്യന്തര സെക്രട്ടറി അറിയിച്ചു.

പാകിസ്താന്റെ ഈ നടപടി ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണെന്ന വാദങ്ങളെയും പാകിസ്താന്‍ നിഷേധിച്ചു. നാഷണല്‍ ആക്ഷന്‍ പ്ലാന്‍ കമ്മിറ്റിയുടെ തീരുമാനങ്ങളാണ് നടപ്പാക്കുന്നതെന്നാണ് പാകിസ്താന്റെ വാദം.

ഇതിനിടെ, ഇന്ത്യന്‍ നേവിയുടെ മുങ്ങിക്കപ്പല്‍ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമം നടത്തിയെന്നും, ഇതു തിരിച്ചറിഞ്ഞ പാക് സേന മുങ്ങിക്കപ്പലിനെ തുരത്തിയെന്നുമുള്ള അവകാശവാദവുമായി പാകിസ്താന്‍ രംഗത്തെത്തിയിരുന്നു.

Exit mobile version