മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ മാറ്റാന്‍ പറ്റില്ല; റിപ്പബ്ലിക്ക് ദിനത്തില്‍ ട്രംപ് പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി വൈറ്റ്ഹൗസ്

നരേന്ദ്രമോഡിയുമായി എത്രയും വേഗം കൂടിക്കാഴ്ച്ചയ്ക്ക് പ്രസിഡന്റ് ശ്രമിക്കുമെന്നും വൈറ്റ് ഹൗസ് സന്ദേശത്തില്‍ അറിയിക്കുന്നുണ്ട്

വാഷിങ്ടണ്‍: ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായി ട്രംപ് പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി വൈറ്റ്ഹൗസ് രംഗത്തുവന്നു. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാലാണ് പ്രസിഡന്റ് ട്രംപ് റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായി എത്താത്തത് എന്നാണ് വൈറ്റ് ഹൗസ് വിശദീകരിക്കുന്നത്. ഇന്ത്യയുമായി മികച്ച ബന്ധമാണ് യുഎസ് ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി എത്രയും വേഗം കൂടിക്കാഴ്ച്ചയ്ക്ക് പ്രസിഡന്റ് ശ്രമിക്കുമെന്നും വൈറ്റ് ഹൗസ് സന്ദേശത്തില്‍ അറിയിക്കുന്നുണ്ട്.

ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ പങ്കെടുക്കാനുളള ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നിരസിച്ചതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ ക്ഷണം പരിഗണിക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ചടങ്ങില്‍ പങ്കെടുക്കാനാവില്ലെന്ന് ട്രംപ് കേന്ദ്രത്തെ അറിയിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

പരേഡില്‍ മുഖ്യാതിഥിയായി എത്താന്‍ ഓഗസ്റ്റില്‍ ട്രംപിന് ക്ഷണക്കത്ത് ലഭിച്ചിരുന്നു. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്നത് അവസാന തീരുമാനമാണോയെന്ന് വ്യക്തമല്ലെന്നായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്റേഴ്‌സ് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് വിദേശകാര്യമന്ത്രാലയത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

റഷ്യയില്‍ നിന്ന് ട്രയംഫ് 400 മിസൈലുകള്‍ വാങ്ങാനുള്ള ഇന്ത്യന്‍ തീരുമാനം അമേരിക്കയുടെ അതൃപ്തിക്ക് കാരണമായിരുന്നുവെന്നും. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുമെന്ന് ഇന്ത്യ അറിയിച്ചതും അമേരിക്കയെ ചൊടിപ്പിച്ചതാണ് ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തിലാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.

Exit mobile version