മസൂദ് അസര്‍ മരിച്ചിട്ടില്ലെന്ന് പാക് മാധ്യമങ്ങള്‍, റിപ്പോര്‍ട്ട് കുടുംബത്തെ ഉദ്ധരിച്ച്

അസര്‍ മരിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് അടുത്ത ബന്ധുക്കളെ ഉദ്ധരിച്ചു പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായുള്ള വാര്‍ത്തകള്‍ തള്ളി പാക് മാധ്യമങ്ങള്‍. അസര്‍ മരിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് അടുത്ത ബന്ധുക്കളെ ഉദ്ധരിച്ചു പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മസൂദിന്റെ മരണവാര്‍ത്ത ജയ്ഷെ നിഷേധിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് കുടുംബത്തെ ഉദ്ധരിച്ചുകൊണ്ട് പാക് മാധ്യങ്ങളുടെ റിപ്പോര്‍ട്ട്. അതേസമയം, മസൂദ് മരിച്ചെന്ന വാര്‍ത്തയോട് ഇതുവരെ പാകിസ്താന്‍ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ തനിക്ക് ഇപ്പോഴൊന്നും അറിയില്ലെന്നായിരുന്നു വിഷയത്തില്‍ പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരിയുടെ പ്രതികരണം.

അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മസൂദ് അസര്‍ ശനിയാഴ്ച ഉച്ചയ്ക്ക് മരിച്ചെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. വൃക്കരോഗം ബാധിച്ചിരുന്ന അസറിന് ഡയാലിസിസ് നടത്തിവരികയായിരുന്നു. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുന്നത്.

ഈ പ്രചാരണം പാകിസ്താന്റെ തന്ത്രമാണോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ അസറിനു പരുക്കേറ്റതായി പ്രചാരണമുണ്ടായിരുന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.

Exit mobile version