ജയ്‌ഷെ തലവന്‍ മസൂദ് അസറിനെതിരായ തെളിവുകള്‍ ഇന്ത്യ യുഎന്‍ രക്ഷാ സമിതിക്ക് കൈമാറി

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം സുരക്ഷാ സമിതിയില്‍ വരാനിരിക്കെയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്.

ന്യൂഡല്‍ഹി: ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെതിരായ തെളിവുകള്‍ ഇന്ത്യ ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതി അംഗ രാജ്യങ്ങള്‍ക്ക് കൈമാറി. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം സുരക്ഷാ സമിതിയില്‍ വരാനിരിക്കെയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്.

ചൈനയുള്‍പ്പടെ സുരക്ഷാ സമിതിയിലെ അംഗങ്ങള്‍ക്കാണ് ഇന്ത്യ മസൂദ് അസറിനെതിരായ തെളിവുകള്‍ കൈമാറിയത്. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് മസൂദ് അസറിനെ ആഗോള ഭീകരവാദിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഫ്രാന്‍സ്, അമേരിക്ക, ഇംഗ്ലണ്ട് എന്നീ മൂന്ന് രാജ്യങ്ങള്‍ സുരക്ഷാ സമിതിയില്‍ കൊണ്ടുവന്നിരിക്കുന്നത്. ഈ പ്രമേയത്തില്‍ നിലപാട് അറിയിക്കാന്‍ മാര്‍ച്ച് 13 വരെയാണ് സമയം. ഈ സാഹചര്യത്തിലാണ് അംഗരാജ്യങ്ങളെ ഇക്കാര്യം ബോധ്യപ്പെടുന്നതിനായി ഇന്ത്യ തെളിവ് നല്‍കിയത്.

ഈ തെളിവുകളുടെ കൂട്ടത്തില്‍ അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ നല്‍കിയ തെളിവുകളുമുണ്ട്. ജമ്മുവിലെ ജയ്ഷെ ഭീകരവാദികളും പാകിസ്താനിലെ ജയ്ഷെ ഭീകരവാദികളും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകളാണ് ഇന്ത്യ കൈമാറിയിരിക്കുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ സമിതി ഇന്ത്യക്ക് അനുകൂലമായ നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Exit mobile version